പേരാമ്പ്ര: വേനലിലും വേയപ്പാറയിലെത്തിയാൽ ചുട്ടുപൊള്ളാതെ നല്ല തണുത്ത കാറ്റ് കിട്ടും. ചുറ്റും മലനിരകളുടെ മനോഹരമായ കാഴ്ച. സമുദ്രനിരപ്പിൽനിന്നും 300 മീറ്ററിലധികം ഉയർന്ന പ്രദേശമാണിത്.

മൂന്നുവശങ്ങളും ചെങ്കുത്തായ ചരിവോട് കൂടിയ ഭൂപ്രകൃതി. കൊയിലാണ്ടി ബീച്ച്, തിക്കോടി ലൈറ്റ് ഹൗസ്, വയനാടൻ മലനിരകൾ, കക്കയം മലനിരകൾ എന്നിവയൊക്കെ പാറയുടെ മുകളിൽ നിന്ന് ദൂരക്കാഴ്ചയായി കാണാം.

വേയപ്പാറ ഇക്കോ ടൂറിസം സെന്ററായി വളർത്തിയെടുത്താൽ ഗ്രാമീണ ടൂറിസത്തിന്റെ വളർച്ചയ്ക്ക് എറെ സഹായകമാകും. പുതിയ വരുമാന സാധ്യതകളും തുറക്കും.

ഇക്കോ ടൂറിസം സാധ്യതയേറെ

കോട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലായി സ്ഥിതിചെയ്യുന്ന വേയപ്പാറ, കായണ്ണ, നൊച്ചാട് പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന മേഖലയാണ്. ചെങ്ങോട് മലയുടെ പടിഞ്ഞാറെ ഭാഗം. ജൈവവൈവിധ്യം നിറഞ്ഞ മേഖല. ഉദയാസ്തമയങ്ങൾ വീക്ഷിക്കാനും പറ്റിയയിടമാണ്.

പാറയുടെ ഏറ്റവും മുകൾഭാഗത്ത് നിരപ്പായ സ്ഥലമുള്ളതിനാൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും സൗകര്യമേറെ. ജലസ്രോതസ്സുള്ള മേഖല കൂടിയാണിത്. വേയപ്പാറയ്ക്കടുത്ത് നേരത്തേ നിർമിച്ച ജലസംഭരണി ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. സഞ്ചാരികൾക്കായി കുടിവെള്ളം ലഭ്യമാക്കാൻ ഇത് ഉപയോഗപ്പെടുത്താനും കഴിയും.

ടൂറിസം കോറിഡോറിന്റെ ഭാഗമാക്കാം

ബാലുശ്ശേരി മണ്ഡലത്തിൽ വിവിധ ടൂറിസം മേഖലകളെ ബന്ധിപ്പിച്ചുള്ള ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ മേഖലയെക്കൂടി അതിൽ ഉൾപ്പെടുത്തിയാൽ സഞ്ചാരികൾക്കും നല്ലൊരു കാഴ്ചയൊരുങ്ങും.

കരിയാത്തുംപാറയിലും കക്കയത്തുമെത്തുന്ന സഞ്ചാരികൾക്കെല്ലാം ഇവിടെയും സന്ദർശന കേന്ദ്രമാക്കാം. ഉയർന്ന പ്രദേശമെന്നനിലയിൽ വാനനിരീക്ഷണത്തിനും പറ്റിയയിടമാണ്. ഒബ്സർവേറ്ററിയും വാച്ച് ടവറും മുകളിൽ സ്ഥാപിക്കാനാകും. സമീപപ്രദേശങ്ങളിലെ കുന്നുകളുമായി റോപ്പ് വേ ഏർപ്പെടുത്തുന്നതും പരിഗണിക്കാം. സാഹസിക വിനോദസഞ്ചാരികൾക്കായി ട്രക്കിങ്ങും നടത്താനാകും.

എങ്ങനെയെത്താം

മൂലാട് നിന്നും കള്ളാത്തറവരെ നിലവിൽ റോഡ് സൗകര്യം ഉണ്ട്. അവിടെ നിന്നും പുതിയ റോഡ് നിർമിച്ചാൽ വേയപ്പാറയ്ക്കടുത്തുവരെ വാഹനത്തിൽ എത്താനാകും. നരയംകുളം ഭാഗത്തുനിന്ന് നടന്നും വേയപ്പാറയുടെ മുകളിലേക്ക് പോകാം.

Content highlights :venappara perambra hills become a eco tourism centre