തൃത്താല: വെള്ളിയാങ്കല്ല് പൈതൃകപാര്‍ക്ക് ആറുദിവസത്തേക്ക് അടച്ചു. ജില്ലയില്‍ വരുംദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പാര്‍ക്ക് അടച്ചത്. ഒക്ടോബര്‍ 25-ന് ശേഷമേ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് പാര്‍ക്ക് മാനേജര്‍ സി.എസ്. അനീഷ് അറിയിച്ചു.

പ്രവേശനത്തിന് നിരോധനമേര്‍പ്പെടുത്തിയതറിയാതെ നിരവധിപേരാണ് വെള്ളിയാങ്കല്ലിലെത്തി മടങ്ങിപ്പോകുന്നത്. ആളൊഴിഞ്ഞതോടെ പാര്‍ക്കിനകത്ത് ശുചീകരണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മടങ്ങിപ്പോകുന്ന സന്ദര്‍ശകര്‍ ഭാരതപ്പുഴയിലേക്കിറങ്ങുന്നത് അപകടസാധ്യത ഉയര്‍ത്തുന്നുണ്ട്. നിലവില്‍ പുഴയില്‍ ശക്തമായ കുത്തൊഴുക്കാണുള്ളത്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള അപകട മുന്നറിയിപ്പുകളെ അവഗണിച്ചാണ് മടങ്ങിപ്പോകുന്ന പലരും പുഴയുടെ അപകടമേഖലകളില്‍ കാഴ്ചകാണാനിറങ്ങുന്നത്.

Content Highlights: velliyamkallu heritage park closed for six days amid rain