വെള്ളാണിക്കൽ പാറമുകളിലെത്തി കാഴ്ചകൾ ആസ്വദിക്കുന്നവർ
പോത്തന്‍കോട്: കേരളത്തിലെ ഗ്രാമീണ വിനോദസഞ്ചാര ഭൂപടത്തിലെ ശക്തമായ ഒരിടമാണ് തലസ്ഥാന ജില്ലയിലെ വെള്ളാണിക്കല്‍ പാറമുകള്‍. തിരുവനന്തപുരം നഗരത്തിന്റെ ആകാശക്കാഴ്ചയും അറബിക്കടലിന്റെ വിദൂരദൃശ്യവും അഗസ്ത്യാര്‍കൂടവും പൊന്മുടിയുമുള്‍പ്പെടുന്ന സഹ്യപര്‍വതമലനിരകളും ഒരേസമയം ഇവിടെനിന്നാല്‍ കാണാനാകും.
സമുദ്രനിരപ്പില്‍നിന്ന് 1600 അടി ഉയരത്തില്‍ നൂറേക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് പാറ. അസ്തമയക്കാഴ്ചയും സദാ വീശിയടിക്കുന്ന ഇളം കാറ്റും ഇവിടെയെത്തുന്നവരെ ആകര്‍ഷിക്കുന്നു. കാണിക്കാര്‍ പൂജിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയിരവില്ലി ക്ഷേത്രവും പുലിച്ചാണി എന്ന ഗുഹയും ഇവിടത്തെ മറ്റു പ്രത്യേകതകളാണ്.
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ഫണ്ടില്‍നിന്ന് 23 ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്ന് നടത്തിയ നിര്‍മാണങ്ങളൊന്നും സംരക്ഷിക്കാനോ, തുടര്‍വികസനത്തിന് പദ്ധതികളില്ലാത്തതിനാല്‍ എല്ലാം നാശത്തിന്റെ വക്കിലാണ്. ജില്ലാ ടൂറിസം െപ്രാമോഷന്‍ കൗണ്‍സിലും ചില പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും ഒന്നും നടപ്പായില്ല.
ഇവിടെ എത്താന്‍ നല്ല റോഡുകളുമില്ല. പ്രദേശത്ത് തെരുവുവിളക്കുകളില്ല. സുരക്ഷാജീവനക്കാരില്ലാത്തതും ക്യാമറകള്‍ സ്ഥാപിക്കാത്തതും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. നേരം വൈകിയാല്‍ പാറമുകളിലും വഴികളിലും സാമൂഹികവിരുദ്ധരുടെ ശല്യമുണ്ട്. സഞ്ചാരികളെ ആക്രമിക്കുന്നതും പിടിച്ചുപറിക്കുന്നതുമുള്‍പ്പെടെയുള്ള സംഭവങ്ങളും തുടര്‍ക്കഥയാണ്. പോലീസിന്റെ പരിശോധന വല്ലപ്പോഴും മാത്രമാണിവിടെ നടക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
- തകര്‍ന്ന റോഡ്
- സുരക്ഷാജീവനക്കാരില്ല
- തെരുവുവിളക്കുകളില്ല
- ക്യാമറകളില്ല, പോലീസ് പരിശോധന പേരിനുമാത്രം
നൂറുകണക്കിനു ജനങ്ങള്‍ വന്നുപോകുന്നയിടമാണ് വെള്ളാണിക്കല്‍ പാറമുകള്‍. ഇവിടെ വെള്ളവും വെളിച്ചവുമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും പോലീസ് എയ്ഡ്‌പോസ്റ്റുള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളും ഒരുക്കണം.
-സുരേന്ദ്രന്‍നായര്‍, നാട്ടുകാരന്‍
പുതിയ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്
വെള്ളാണിക്കല്‍പ്പാറയുടെ വികസനത്തിനായി പുതിയ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഡി.ടി.പി.സി. വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ടൂറിസം സര്‍ക്യൂട്ട് ഉള്‍പ്പെടെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കുള്ള ഇരിപ്പിടവും ഭക്ഷണശാലയുമുണ്ട്.
- സി.ദിവാകരന്‍ എം.എല്‍.എ.
വികസന പദ്ധതികള്‍ വേണം
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാണിത്. സര്‍ക്കാര്‍തലത്തിലുള്ള വികസനപദ്ധതികളാണ് ഇവിടെ ഉണ്ടാകേണ്ടത്. അതിനുവേണ്ടിയുള്ള ശ്രമങ്ങളുണ്ടാകും.
- കെ.വേണുഗോപാലന്‍നായര്‍, പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
Content Highlights: Vellanikkal Rocks, Vellanikkal Tourism, Thiruvananthapuram Tourism Spots, Kerala Tourism, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..