• അടിസ്ഥാനസൗകര്യങ്ങളില്ല. ശൗചാലയങ്ങളും സുരക്ഷാസംവിധാനങ്ങളുമില്ല

വിതുര: മഞ്ഞുമൂടിയ മൊട്ടക്കുന്നുകളും ഹെയര്‍പിന്‍ വളവുകളും നിറഞ്ഞ പൊന്മുടി, സുഗന്ധവ്യഞ്ജന മേഖലയായ ബോണക്കാട്, സംസ്ഥാനത്തെ പ്രധാന വന്യജീവി സങ്കേതമായ പേപ്പാറ... ഇതൊക്കെയുണ്ടെങ്കിലും മലയോരമേഖലയുടെ വിനോദ സഞ്ചാരസാധ്യതകള്‍ അവഗണനയില്‍ത്തന്നെ. അവധി ദിവസങ്ങളില്‍ ഏറെ കുടുംബങ്ങളാണ് പൊന്മുടിയിലെത്തുന്നത്. അപ്പര്‍സാനിട്ടോറിയവും കുളച്ചിക്കരയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. കല്ലുകള്‍ നിറഞ്ഞ കല്ലാറിലും ധാരാളം പേരെത്തുന്നു.

മീന്‍മുട്ടി, ഗോള്‍ഡന്‍വാലി തുടങ്ങിയ വെള്ളച്ചാട്ടങ്ങളും ഇവിടെയാണ്. വട്ടക്കയം പോലുള്ള ചുഴികളും കല്ലാറിലുണ്ട്. ഇവിടെ ഇടയ്ക്കിടെയുണ്ടാകുന്ന മുങ്ങിമരണങ്ങള്‍ സന്ദര്‍ശകരില്‍ ഭയമുണ്ടാക്കുന്നു. ആവശ്യത്തിനു ടൂറിസ്റ്റു ഗൈഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്.

vazhvanthol
വിതുരയിലെ വാഴുവാന്‍തോള്‍ വെള്ളച്ചാട്ടം | ഫോട്ടോ: മാതൃഭൂമി

വിനോദസഞ്ചാര സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ബോണക്കാടും മുരടിപ്പിലാണ്. ഇവിടത്തെ തേയില-ഏലത്തോട്ടങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്ല. ആകര്‍ഷണകേന്ദ്രമായ വാഴുവാന്‍തോള്‍ വെള്ളച്ചാട്ടം ഈ വഴിയിലാണ്. കൈവഴികളായൊഴുകിയെത്തി പാറക്കെട്ടുകളില്‍ തട്ടി ചിതറിവീഴുന്ന ജലപാതത്തില്‍ നിരവധി പേര്‍ എത്തുന്നു. ഉരുളന്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ചാത്തന്‍കോടാണ് അവഗണന നേരിടുന്ന മറ്റൊരു സ്ഥലം. പേപ്പാറ അണക്കെട്ടും വന്യജീവിസങ്കേതവും കാണാനെത്തുന്നവരുടെ എണ്ണവും കുറവല്ല.

അടിസ്ഥാനസൗകര്യങ്ങളില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം. ആവശ്യത്തിന് ഭക്ഷണശാലകളോ ശൗചാലയങ്ങളോ ഇല്ലാത്തത് സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു. സുരക്ഷാസംവിധാനങ്ങളില്ലാത്തത് അപകടഭീഷണിയാകുന്നു. ഏറുമാടങ്ങളും ബോട്ട് സര്‍വീസുമൊരുക്കിയെങ്കിലും അവയൊന്നും പ്രവര്‍ത്തനക്ഷമമല്ല. ചന്തമുക്കിലെ താവയ്ക്കല്‍, ബോണക്കാട്ടെ സൂര്യത്തോള്‍ തുടങ്ങി മനോഹരങ്ങളായ ധാരാളം ചെറുവെള്ളച്ചാട്ടങ്ങള്‍ വിതുരയിലുണ്ട്. അഗസ്ത്യാര്‍കൂട യാത്രയ്ക്കുള്ള പ്രധാനപാതയും ഇതിലെതന്നെ. സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്തതാണ് വിതുരയുടെ വിനോദസഞ്ചാര സാധ്യതകളെ പിന്നാക്കം വലിക്കുന്ന പ്രധാനഘടകം. ക്രിയാത്മക ഇടപെടലുണ്ടായാല്‍ സംസ്ഥാനത്തെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ഈ പ്രദേശത്തിനു കഴിയും.

പേപ്പാറ, കല്ലാര്‍, പൊന്മുടി തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നത് പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യത വര്‍ധിപ്പിക്കും. നിര്‍മിക്കാനുദ്ദേശിക്കുന്ന ബ്രൈമൂര്‍-പൊന്മുടി പാത യാഥാര്‍ഥ്യമാകുന്നതോടെ പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാര്‍, മങ്കയം വെള്ളച്ചാട്ടങ്ങളും മീന്‍മുട്ടി അണക്കെട്ടും ഇതിനോട് ചേര്‍ക്കുന്ന സമഗ്രപദ്ധതി ആവിഷ്‌കരിക്കാനാകും. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും കൂടി ഉള്‍പ്പെടുത്തിയാല്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകും. പ്രത്യേകം വാഹനങ്ങളും താമസസൗകര്യവും ഭക്ഷണശാലകളും ഈ പ്രത്യേക പാക്കേജിന്റെ ഭാഗമായി ഏര്‍പ്പെടുത്തണം.

Content Highlights: Vazhuvanthol Waterfalls, Peppara Dam, Ponmudi Eco Tourism, Bonacaud, Kerala Tourism, Travel News