അതിരപ്പിള്ളി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും റോഡിന്റെ പലഭാഗങ്ങളും ഒലിച്ചുപോയതും മണ്ണിടിച്ചില്‍മൂലവും ആനമലറോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുണ്ടായിരുന്ന ഗതാഗതനിരോധനം നീക്കി. ഇരുചക്രവാഹനയാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട കാനനസഞ്ചാരപാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ അപകടസാധ്യതയുള്ളതിനാലാണ് ഗതാഗതം വിലക്കിയിരുന്നത്.

യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ ഉത്തരവാദി താനായിരിക്കുമെന്ന് സത്യവാങ്മൂലം എഴുതി നല്‍കിയാലേ ഇരുചക്രവാഹനങ്ങള്‍ കടത്തിവിടൂ. റോഡിലെ തകരാറുകള്‍ അത്യാവശ്യം പരിഹരിച്ചശേഷം ഒക്ടോബര്‍മുതല്‍ വിനോദസഞ്ചാരികളുടെ കാര്‍ തുടങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടും ഇരുചക്രവാഹനങ്ങള്‍ കടത്തിവിടാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. വനംവകുപ്പിന്റെ വാഴച്ചാല്‍, മലക്കപ്പാറ ചെക്ക്‌പോസ്റ്റുകളില്‍ ബൈക്കുയാത്രക്കാരും വനപാലകരും തമ്മില്‍ മിക്ക ദിവസങ്ങളിലും സംഘര്‍ഷവും പതിവായിരുന്നു.

ചെക്ക്‌പോസ്റ്റുകളില്‍നിന്ന് ബൈക്കുകള്‍ പിക്കപ്പ്വാനുകളില്‍ കയറ്റി അടുത്ത ചെക്ക്‌പോസ്റ്റിലേക്ക് കൊണ്ടുവരുന്ന സംഭവങ്ങളുമുണ്ടായിരുന്നു.

വേനല്‍ കടുത്തതോടെ ആനയുള്‍പ്പെടെ നിരവധി വന്യമൃഗങ്ങള്‍ പുഴയിലേക്കു പോകാന്‍ റോഡു മുറിച്ചുകടക്കാനിടയുണ്ട്. അമിതവേഗമില്ലാതെ സൂക്ഷിച്ചുപോയില്ലെങ്കില്‍ ഈ റൂട്ടില്‍ അപകടസാധ്യത ഏറെയാണ്. സൈലന്‍സര്‍ രൂപമാറ്റം വരുത്തി അമിതശബ്ദമുള്ള ബൈക്കുകളും അമിതശബ്ദമുണ്ടാക്കുന്ന ന്യൂജെന്‍ ബൈക്കുകള്‍ക്കുമുള്ള നിരോധനം തുടരും. രാവിലെ ആറുമണിമുതല്‍ വൈകീട്ട് നാലുമണിവരെയാണ് ഇരുചക്രവാഹനങ്ങള്‍ കടത്തിവിടുന്നത്.

വാഴച്ചാല്‍- മലക്കപ്പാറ സഞ്ചാരത്തിന് രണ്ടുമണിക്കൂര്‍ മാത്രം നല്‍കി വനപാലകര്‍

അതിരപ്പിള്ളി: വനംവകുപ്പിന്റെ വാഴച്ചാല്‍ ചെക്ക് പോസ്റ്റില്‍നിന്ന് മലക്കപ്പാറവരെ നാലുചക്രവാഹനങ്ങള്‍ രണ്ടുമണിക്കൂറിനുള്ളില്‍ ഓടിയെത്തണമെന്നാണ് ചെക്ക് പോസ്റ്റുകളിലെ വനപാലകര്‍ പറയുന്നത്. സമയമെഴുതിയ വനംവകുപ്പിന്റെ സ്ലിപ്പും യാത്രക്കാര്‍ക്കു നല്‍കുന്നുണ്ട്. എഴുതിയ സമയത്തുതന്നെ ചെക്ക്പോസ്റ്റില്‍ എത്തിയില്ലെങ്കില്‍ വനപാലകരുടെ ചോദ്യം ചെയ്യലും ശകാരവും പിഴയിടീക്കലും പതിവാണ്.

ഹെയര്‍പിന്നുകളും കയറ്റങ്ങളും നിറഞ്ഞ അമ്പതുകിലോമീറ്ററോളമുള്ള കാനനപ്പാതയില്‍ ഇത് ഏറെ ശ്രമകരമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു നിയമമില്ലെന്നും യാത്രയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നുമാണ് വാഴച്ചാല്‍ ഡി.എഫ്.ഒ. ചാലക്കുടി സ്വദേശി കാഞ്ഞിരത്തിങ്കല്‍ ലിജോ കൊടുത്ത വിവരാവകാശത്തിന് മറുപടി നല്‍കിയത്. നേരം വൈകിവന്നതിന് പിഴയീടാക്കുന്നില്ലെന്നും വിവരാവകാശപ്രകാരം മറുപടിയില്‍ പറയുന്നുണ്ട്.

Content Highlights: Vazhachal Malakkappara Road Travel, Vazhachal Travel, Malakkappara Two Wheeler Travel