വര്‍ക്കല: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെട്ട വര്‍ക്കല പാപനാശം ബീച്ച് ഇപ്പോള്‍ വിജനമാണ്. പലവിധ പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയിരുന്ന വര്‍ക്കലയിലെ ടൂറിസം, കോവിഡ് എത്തിയതോടെ സമ്പൂര്‍ണ തകര്‍ച്ചയിലായി. സീസണില്‍ വിവിധ ബിസിനസുകളിലൂടെ ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന ആയിരങ്ങള്‍ കടക്കെണിയിലും. വിദേശ വിനോദസഞ്ചാരികളില്‍ 95 ശതമാനവും തീരം വിട്ടു. ആഭ്യന്തര സഞ്ചാരികളും വരാതായതോടെ റിസോര്‍ട്ടുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മറ്റു കച്ചവടസ്ഥാപനങ്ങള്‍ക്കും താഴുവീണു.
മാര്‍ച്ച് പകുതിയോടെ ഇറ്റലിയില്‍നിന്നുള്ള വിനോദസഞ്ചാരിക്കാണ് വര്‍ക്കലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശങ്കയും ഭീതിയും പരന്ന് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ തീരത്തോടു വിടപറഞ്ഞു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തീരം വിജനമായി. ഇപ്പോള്‍ ചില റിസോര്‍ട്ടുകള്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം അടഞ്ഞുകിടക്കുന്നു. ചിലക്കൂര്‍ ആലിയിറക്കം മുതല്‍ കാപ്പില്‍ വരെയുള്ള ടൂറിസം മേഖലയില്‍ റിസോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേ, സ്റ്റാളുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
5000-ത്തിലധികം പേര്‍ വര്‍ക്കലയിലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. നേപ്പാള്‍ സ്വദേശികളും കശ്മീര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. നവംബറില്‍ ആരംഭിച്ച് ആറുമാസത്തോളം നീളുന്ന സീസണായിരുന്നു ഇവരുടെയെല്ലാം സ്വപ്നം. അതാണ് വീണുടഞ്ഞത്.
സ്ഥലവും കെട്ടിടവും വാടകയ്‌ക്കെടുത്താണ് ഭൂരിഭാഗം പേരും സ്ഥാപനങ്ങള്‍ നടത്തുന്നത്. ലക്ഷങ്ങള്‍ പലിശയ്‌ക്കെടുത്ത് സ്ഥാപനങ്ങള്‍ മോടിപിടിപ്പിച്ചാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സീസണിന്റെ അവസാനസമയത്ത് മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനാണ് കോവിഡ് തിരിച്ചടിയായത്. സ്ഥാപനങ്ങള്‍ വാടകയ്‌ക്കെടുത്തു നടത്തിയ എല്ലാവര്‍ക്കും പറയാനുള്ളത് നഷ്ടക്കണക്കുകളാണ്. ചില ഉടമകള്‍ ഇളവുകള്‍ നല്‍കിയതു മാത്രമാണ് ആശ്വാസം. സഞ്ചാരികളുടെ ഇഷ്ടതീരത്ത് ഇപ്പോഴുള്ളത് തെരുവുനായകള്‍ മാത്രമാണ്.
ഓഖി മുതല്‍ കോവിഡ് വരെ
ഓഖി, നിപ, പ്രളയങ്ങള്‍ ഒടുവില്‍ കോവിഡും. എല്ലാ വര്‍ഷവും വര്‍ക്കല വിനോദസഞ്ചാരമേഖലയുടെ നട്ടെല്ലൊടിക്കാന്‍ ഓരോ കാരണമുണ്ടാകാറുണ്ട്. ഓരോ വര്‍ഷവും നഷ്ടക്കണക്കു കാണിക്കുന്ന വര്‍ക്കല ടൂറിസത്തിന്, പ്രകൃതിദുരന്തങ്ങളും മഹാമാരികളും ആഘാതമാകുന്നു. ഓഖി സമയത്ത് മൊത്തം ബിസിനസിന്റെ 30 ശതമാനം ഇടിവാണുണ്ടായത്. നിപ വൈറസ് ഭീഷണിയില്‍ 40 ശതമാനം സഞ്ചാരികളുടെയും കുറവുണ്ടായി. ബുക്കിങ് ആരംഭിക്കുന്ന സമയത്താണ് ഇവയയെല്ലാം ഭീഷണിയായത്. പുതിയ സീസണിലേക്ക് പുതിയ ബുക്കിങ് തുടങ്ങിയിട്ടുമില്ല. കോവിഡ് ഭീഷണി തുടരുന്നത് പുതിയ സീസണെയും ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്.
സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി
കോവിഡ് കാരണം വിനോദസഞ്ചാരമേഖലയാകെ തകര്‍ച്ചയിലാണ്. വര്‍ക്കലയില്‍ ടൂറിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ടു മനസ്സിലാക്കി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ക്കായി ശ്രമം തുടരും
- വി.ജോയി, എം.എല്‍.എ.
ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ നടപടി വേണം
വര്‍ക്കലയിലെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടപടി വേണം. ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സബ് കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ വര്‍ക്കലയില്‍ നിയമിക്കണം. പുതിയ സാഹചര്യത്തില്‍ നാച്ചുറോപ്പതി, ആയുര്‍വേദം, യോഗ തുടങ്ങിയ ആരോഗ്യ ടൂറിസത്തിനു പ്രാധാന്യം നല്‍കണം. സെപ്റ്റംബര്‍ 15-ന് ശേഷം ബീച്ച് തുറക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം
- ഡോ. സഞ്ജയ്, വര്‍ക്കല ടൂറിസം അസോ. അഡൈ്വസര്‍
സര്‍ക്കാര്‍ സഹായം നല്‍കണം
കോവിഡ് കാരണം പ്രതിസന്ധിയിലായ വര്‍ക്കലയില്‍ വിനോദസഞ്ചാരമേഖലയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. വൈദ്യുതിബില്ലിലെ ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണം. ബില്‍ഡിങ് ടാക്സ് അടക്കമുള്ള നികുതികളും ഒഴിവാക്കണം. ബാങ്കില്‍നിന്നു ലക്ഷങ്ങള്‍ ലോണെടുത്താണ് പലരും സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുള്ളത്. പലിശ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം
- ബോബി, റിസോര്‍ട്ടുടമ
Content Highlights: Varkala Beach, Varkala Tourism, Papanasam Beach, Kerala Tourism, Kerala Covid 19, Travel News