മരട് : വളന്തകാട് ദ്വീപ് സഞ്ചാരികളുടെ പറുദീസയായി മാറുന്നു. ദ്വീപിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ ‘വില്ലേജ് ലൈഫ് എക്സ്പീരിയൻസ്’ പാക്കേജ് നടപ്പാവുകയാണ്. വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങൾ സാധാരണക്കാരായ ഗ്രാമീണർക്ക് പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് വളന്തകാട് ദ്വീപ് നിവാസികളെ ഉൾപ്പെടുത്തി പുതിയ പദ്ധതി ഒരുക്കുന്നത്.

ദ്വീപിൽ ആകെ 45 കുടുംബങ്ങളാണുള്ളത്‌. ഇവരെല്ലാംതന്നെ ഉത്തരവാദിത്വ ടൂറിസം മിഷന്റെ യൂണിറ്റ് അംഗങ്ങളായി മാറിക്കഴിഞ്ഞു. ഇവരെ ഉൾപ്പെടുത്തിയാണ് പുതിയ പാക്കേജിന് രൂപം കൊടുത്തത്.

ഗ്രാമീണർക്കു തങ്ങളുടെ കുലത്തൊഴിലിൽ പുതിയ അവസരങ്ങൾ കണ്ടെത്താനും നാട്ടിൻപുറങ്ങളിലെ ജീവിത യാഥാർഥ്യങ്ങളെ വിദേശ വിനോദ സഞ്ചാരികൾക്ക് ആഴത്തിൽ മനസ്സിലാക്കാനു മുള്ള അവസരമാണ് ഉത്തരവാദിത്വ പാക്കേജ് മുന്നോട്ടുവയ്ക്കുന്നത്.

വലനെയ്ത്ത്, ആഭരണപ്പെട്ടി നിർമാണം, പായനെയ്ത്ത്, വിവിധ രീതിയിലുള്ള മത്സ്യബന്ധനം, ഓല മെടയൽ, തെങ്ങുകയറ്റം, കക്ക വാരൽ, നാടൻ വിഭവങ്ങളും മത്സ്യവിഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണം, കണ്ടൽക്കാടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു മണിക്കൂർ ബോട്ട് യാത്ര തുടങ്ങി വിവിധ തരം വിനോദങ്ങൾക്ക് ഇവിടെ വേദി ഒരുക്കുന്നുണ്ട്. രാവിലെ 9 മുതൽ വൈകീട്ട് 3.30 വരെയാണ് സമയം. 2650 രൂപ മുടക്കി ഒരു കുടുംബത്തിന് ഈ പാക്കേജിന്റെ ഭാഗമാകാം.

പാക്കേജിനായി സഞ്ചാരികൾ മുടക്കുന്ന മുഴുവൻ തുകയും ദ്വീപ് നിവാസികളുടെ പക്കൽ തന്നെ എത്തിച്ചേരുമെന്നതാണ് ഈ പാക്കേജിന്റെ സവിശേഷത.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഫ്ലോട്ടിങ് ഫെസിലിറ്റേഷൻ സെന്ററിന്റെയും വീടുകളിലേക്കുള്ള നടപ്പാതയുടെയും നിർമാണം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

വിനോദ സഞ്ചാര മേഖലയിൽ പ്രാദേശിക ജനതയ്ക്ക് കൂടി പങ്കാളിത്തം ഉറപ്പുവരുത്താൻ കഴിയുമെന്ന് ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഹരീഷ് പറഞ്ഞു.

പുത്തൻ പ്രതീക്ഷ

ഏറെ പ്രതീക്ഷയോടെയാണ് ദ്വീപിലെ യുവജനത പദ്ധതിയെ നോക്കിക്കാണുന്നത്. ദ്വീപ് നിവാസികളുടെ ജീവിതം തന്നെ ഇത് മാറ്റിമറിക്കും. ഉത്തരവാദിത്വ ടൂറിസത്തിൽ ഗൈഡായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. അതുവഴി സ്ഥിര വരുമാനം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലുമാണ്.

- കീർത്തി ജയപ്രകാശ്, ബിരുദ വിദ്യാർഥിനി

കരവിരുത് പ്രയോജനപ്പെടുത്താം

അറിവുകൾ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. കുരുത്തോലയിൽ കരവിരുതുകൾ ഉണ്ടാക്കാനറിയാം. കൂടാതെ ചെണ്ടമേളവും അറിയാം. പദ്ധതി യാഥാർഥ്യമാകുന്നതോടെ നല്ലൊരു വരുമാനം പ്രതീക്ഷിക്കുന്നു.

- ശ്രീദേവി രമേശൻ, വളന്തകാട് നിവാസി

നല്ല സാധ്യത

വല നെയ്ത്തിലും വീശുവല, നീട്ടുവല എന്നിവ ഉണ്ടാക്കി ഉപജീവനം നടത്തുന്ന തന്നെ പോലെയുള്ളവർക്ക് നല്ല സാധ്യതയാണ് പദ്ധതി നൽകുന്നത്. ഇതുവഴി ദ്വീപിലെ‌ പാവപ്പെട്ടവർക്ക് തങ്ങളുടെ തൊഴിലുകൾ പ്രദർശിപ്പിച്ച് വരുമാനമുണ്ടാക്കാനുള്ള അവസരവുമുണ്ടാകും.

- ശശിധരൻ കരിവേലിൽ, ദ്വീപ് നിവാസി.

Content Highlights: Valanthakadu Island, Responsible Tourism, Village Life Experience Package, Kerala Tourism