വളന്തകാട് ദ്വീപ് | ഫോട്ടോ: ബി.മുരളീകൃഷ്ണൻ
കൊച്ചി: ജില്ലയിലെ ആദ്യത്തെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ കീഴില്‍ വളന്തകാട് ടൂറിസം വികസന പദ്ധതി പൂര്‍ത്തിയാകുന്നു. 99 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഓഗസ്റ്റില്‍ വിസ്മയ ദ്വീപായി വളന്തകാട് വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ജാലകങ്ങള്‍ തുറന്നിടും. ജില്ലയുടെ വിനോദസഞ്ചാര രംഗത്തിന് പുതിയ മുഖം നല്‍കിയാണ് വളന്തകാട് പദ്ധതി പൂര്‍ത്തിയാകുന്നത്.
നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വളരെപ്പെട്ടെന്ന് എത്തിച്ചേരാവുന്ന ഇടമാണിത്. രാവിലെ മുതല്‍ ഉച്ചവരെയും ഉച്ചമുതല്‍ രാത്രി വരെയും ഒരു മുഴുദിനമായുമൊക്കെ സന്ദര്‍ശന പരിപാടികളുണ്ടാകും. കൊച്ചി നഗരത്തിന്റെ കൈയെത്തും ദൂരത്ത് ഇത്ര മനോഹരമായൊരു ഗ്രാമീണ ദ്വീപ് ഉണ്ടെന്നത് ലോകം മുഴുവന്‍ അറിയേണ്ട വിധത്തിലാണ് ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഗ്രാമീണ വിനോദസഞ്ചാര വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് വളന്തകാട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എസ്. വിജയകുമാര്‍ പറഞ്ഞു. ''കരകൗശല നിര്‍മാണവും പരമ്പരാഗത മീന്‍പിടിത്ത രീതികളും കക്കവാരലും തെങ്ങുകയറ്റവും ഓലമെടയലും ഒക്കെ ഇവിടെ നിങ്ങള്‍ക്ക് അനുഭവിച്ചു പരിചയപ്പെടാനാകും. ചെറു ബോട്ടില്‍ വളന്തകാട് ദ്വീപിലേക്ക് ചെന്നിറങ്ങുമ്പോള്‍ ആദ്യം സ്വീകരിക്കുന്നത് 'ഫ്‌ളോട്ടിങ് ഫെസിലിറ്റേഷന്‍ സെന്റര്‍' ആണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സെന്ററില്‍ സന്ദര്‍ശകര്‍ക്കായി വിശ്രമമുറിയും കഫ്ത്തേരിയും ഒരുക്കുന്നുണ്ട്. സെന്ററില്‍ നിന്നുതന്നെ ചുറ്റും കണ്ണോടിച്ചാല്‍ ജലാശയങ്ങളും മരങ്ങളും കണ്ടല്‍ക്കാടുകളും പക്ഷികളുമൊക്കെ ആ ഫ്രെയിമിലേക്ക് കയറിവരും. ഫ്‌ളോട്ടിങ് സെന്ററില്‍ നിന്ന് ഒരു ചെറുപാലത്തിലൂടെ ദ്വീപിലേക്ക് ചെന്നിറങ്ങാം. പിന്നെ, മണ്ണിന്റെ മണമുള്ള ചെറുപാതകളിലൂടെ ഗ്രാമീണ സൗന്ദര്യത്തിന്റെ ആഴങ്ങളിലേക്ക് യാത്രയാകാം'' -വിജയകുമാര്‍ പറഞ്ഞു.
കെട്ടുവള്ളവും ലൈവായി മീന്‍പിടിത്തവും
കെട്ടുവള്ളവും ആമാടപ്പെട്ടിയും ചീനവലയുമൊക്കെ കരകൗശലത്തില്‍ കൊത്തിയൊരുക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ദ്വീപില്‍ ആദിഷ് വുഡ്ക്രാഫ്റ്റ് എന്ന കരകൗശല യൂണിറ്റ് നടത്തുന്ന വി.എസ്. പ്രമോദ് പങ്കുവെച്ചത്. ''കോവിഡ് ലോക്ഡൗണ്‍ വന്നതോടെ ജീവിതം ആകെ പ്രതിസന്ധിയിലായിരുന്നു. ദ്വീപിലെ ജനങ്ങളുടെ തൊഴിലും ജീവിതവും കൂടുതല്‍ മെച്ചപ്പെടുന്നതാകും പുതിയ പദ്ധതിയെന്നാണ് കരുതുന്നത്. കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന വിധം സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍, അവരുടെ ടിക്കറ്റ് നിരക്കിന്റെ നിശ്ചിത ശതമാനം ഞങ്ങള്‍ക്ക് തരുമെന്നാണ് പറഞ്ഞിരിക്കുന്നത്.''
പ്രമോദ് പറഞ്ഞതു കേട്ട് അടുത്ത സ്ഥലത്തേക്കു നടക്കുമ്പോള്‍ മുന്നില്‍ മീന്‍പിടിത്തവുമായി എ.എസ്. സുനില്‍ പ്രത്യക്ഷപ്പെട്ടു. ''കെട്ടുകളില്‍ നിന്ന് ലൈവായി സന്ദര്‍ശകര്‍ക്ക് മീന്‍ പിടിച്ച് അത് പാചകം ചെയ്ത് കഴിക്കാനുള്ള സൗകര്യമുണ്ടാകും. കരിമീനും ചെമ്മീനും കണമ്പും ഞണ്ടും ഒക്കെ ഇവിടെയുണ്ട്. നാടന്‍ രീതിയില്‍ മീന്‍കറി വെക്കുന്ന വിധം വരെ സന്ദര്‍ശകര്‍ക്ക് ഇവിടെ അനുഭവിച്ചറിയാം'' -കെട്ടിലെ മീനുകള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ട് സുനില്‍ പറഞ്ഞു.
വളന്തകാട് അടിപൊളിയാകും
കേവലം വിനോദസഞ്ചാരം എന്നതിനപ്പുറം ദ്വീപിലെ എല്ലാ ജനങ്ങള്‍ക്കും ഏതെങ്കിലും തരത്തില്‍ പ്രയോജനമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. ''വളന്തക്കാട് അടിപൊളിയാകുന്ന പദ്ധതിയാകും ഇതെന്ന് ഉറപ്പാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന പപ്പടവും മീനും മുട്ടയുമൊക്കെ ടൂറിസം പദ്ധതിയിലൂടെ വില്‍ക്കാനാകുന്ന ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ദ്വീപില്‍ വളരുന്ന പച്ചക്കറികളും വാഴയിലയുമൊക്കെ നല്ല വിലയ്ക്കു വാങ്ങാനും ആളുണ്ടാകും. ശുദ്ധമായ മണ്ണില്‍ നല്ല പച്ചക്കറികള്‍ ദ്വീപുകാര്‍ വിളയിച്ചെടുക്കുമ്പോള്‍ അത് നഗരത്തിലുള്ളവര്‍ക്കും പുറമേ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കും എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. മനോഹരമായ ദ്വീപില്‍ സുന്ദരമായൊരു ജീവിതവും സാധ്യമാകുമ്പോള്‍ അത് ഇരട്ടി മധുരമാകും'' -വിജയകുമാര്‍ പറഞ്ഞു.
Content highlights : valanthakad island set to become a popular village in tourist destination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..