തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിത കേന്ദ്രങ്ങളാക്കിയശേഷം തുറക്കും.

ആദ്യഘട്ടമെന്നനിലയില്‍ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളില്‍ ഏഴുദിവസത്തിനകം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്കായി തുറക്കുമെന്ന് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിനോദസഞ്ചാരവകുപ്പ് തയ്യാറാകുന്ന പട്ടികയനുസരിച്ച് മുന്‍ഗണനാടിസ്ഥാനത്തിലാണ് വാക്‌സിന്‍ വിതരണം. ഒരു ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിലാവും ആദ്യം സമ്പൂര്‍ണ വാക്‌സിനേഷന്‍.

അടുത്ത ഘട്ടത്തില്‍ മൂന്നാര്‍, തേക്കടി, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല എന്നിവിടങ്ങളിലും വാക്‌സിന്‍ നല്‍കും. ഇതിലൂടെ, കേരളം സുരക്ഷിത ടൂറിസം പ്രദേശമാണെന്ന സന്ദേശം ആഭ്യന്തര, അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് നല്‍കാനാകും.

സംസ്ഥാനത്ത് 15 ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. 34,000 കോടിയാണ് കഴിഞ്ഞവര്‍ഷത്തെ നഷ്ടം. 2019ല്‍ 45,000 കോടി വരുമാനം ലഭിച്ച സാഹചര്യത്തിലാണിത്.

വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാന്‍ കഴിയുന്ന പ്രദേശങ്ങള്‍ നിര്‍ദേശിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

കോവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ വെബ്‌സൈറ്റില്‍ 15 ദിവസത്തേക്കുള്ള സ്ലോട്ടുകള്‍ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. വാക്‌സിന്റെ ലഭ്യതയനുസരിച്ചാണ് നിലവില്‍ സ്ലോട്ടുകള്‍ തുറക്കുന്നത്.

രജിസ്‌ട്രേഷന് ഏകീകൃത സമയം കൊണ്ടുവരാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. പ്രതിദിനം കുറഞ്ഞത് രണ്ടരലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Content Highlights: Vaccine programme for tourism, Kerala tourism, covid 19