
പ്രതീകാത്മക ചിത്രം | Photo: Binoy Marickal Mathrubhumi
ലോക്ഡൗണ്‍ കാരണം താറുമാറായ വിനോദസഞ്ചാരമേഖലയെ തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനവും. പലരും വ്യത്യസ്തമായ വാഗ്ദാനങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടത്തുന്നത്. അതിലൊന്നാണ് ഉത്തരാഖണ്ഡിന്റെ ടൂറിസ്റ്റ് ഇന്‍സെന്റീവ് പദ്ധതി.
പദ്ധതി പ്രകാരം ഉത്തരാഖണ്ഡിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി 1000 രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു.
വരും ദിവസങ്ങളില്‍ ഓഫര്‍ ലഭ്യമാകും. സംസ്ഥാനത്തെ ഏതെങ്കിലും ഹോട്ടലിലോ ഹോംസ്റ്റേയിലോ മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് മാത്രമേ പദ്ധതിയുടെ ഗുണഫലം ലഭിക്കൂ.
'ടൂറിസ്റ്റ് വിഭാഗത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക് കിഴിവ് കൂപ്പണ്‍ നല്‍കും. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരു ഹോട്ടലിലോ ഹോംസ്റ്റേയിലോ താമസിക്കുന്ന സമയത്ത് അവര്‍ക്ക് കൂപ്പണ്‍ ഉപയോഗിക്കാന്‍ കഴിയും.' മന്ത്രി പറഞ്ഞു.
അടുത്തിടെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പൈലറ്റ് പദ്ധതിയെക്കുറിച്ചുള്ള തീരുമാനം അന്തിമമാക്കിയത്. പ്രശസ്തമായ ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തിയ വിനോദ സഞ്ചാരികള്‍ക്ക് പണം തിരികെ നല്‍കുന്നതും യോഗത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. കൊവിഡ് വ്യാപനം കാരണം ദേശീയ ഉദ്യാനം ഇപ്പോഴും അടച്ചിരിക്കുകയാണ്.
ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് വിനോദസഞ്ചാരം. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഇവിടേക്കെത്താറുള്ളത്.
Content Highlights: Uttarakhand Tourism, Badrinath, Tourist Incentive Coupon, Uttarakhand Tourism Spots, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..