പ്രതീകാത്മക ചിത്രം | ഫോട്ടോ: ബിനോയ് മരിക്കൽ
സഞ്ചാരികള്‍ക്കും പര്‍വതാരോഹകര്‍ക്കുമായി സംസ്ഥാനത്തെ അധികമാരും എത്തിയിട്ടില്ലാത്ത പതിനഞ്ച് വനപാതകള്‍ കൂടെ തുറന്ന് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പകരംവെക്കാനില്ലാത്ത അനുഭവം നല്‍കുന്ന ഈ സഞ്ചാരപാതകള്‍ ഈ വേനല്‍ക്കാലത്ത് തന്നെ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാനാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം. ചക്രാതയിലെ ഇടതൂര്‍ന്ന പൈന്‍മരക്കാടുകളും ഖാരാംബയിലെ വന്യതയും മോള്‍ട്ട വനമേഖലയിലെ വാനനിരീക്ഷണവുമെല്ലാം ആസ്വദിക്കാനാവുന്നതിന്റെ ആവേശത്തിലാണ് സഞ്ചാരികള്‍.
സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്ന പതിനഞ്ച് പുതിയ വനപാതകള്‍ കണ്ടെത്തിയതായി യമുന സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിനയ് ഭാര്‍ഗവ് അറിയിച്ചു. തങ്ങളുടെ താല്‍പര്യവും സാഹചര്യങ്ങളും അനുസരിച്ച് ഇഷ്ടമുള്ള പാതകള്‍ തിരഞ്ഞെടുക്കാം. രണ്ടര കിലോമീറ്റര്‍ മുതല്‍ 65 കിലോമീറ്റര്‍ വരെയുള്ള ട്രെക്കിങ്ങുകള്‍ ഉള്ള വഴികളാണ് ഇവ. ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങുകളില്‍ ഹോംസ്റ്റേകളിലും ടെന്റുകളിലും സഞ്ചാരികള്‍ക്ക് താമസം ഒരുക്കും.
ഇവയില്‍ ഒന്‍പത് പാതകള്‍ വളരെ അപൂര്‍വമായി മാത്രം മനുഷ്യസാന്നിധ്യമുള്ള കൊടുംകാടുകളിലൂടെയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കാടുകളില്‍ നിര്‍മ്മിച്ചിട്ടുള്ള റെസ്റ്റ് ഹൗസുകളിലും സഞ്ചാരികള്‍ക്ക് താമസം സജ്ജീകരിക്കും. നാഡാ, കൊനൈന്‍, കുദോഗ്, ദാരാഗാട്, ബുധര്‍, ജാഖ്, ദിയോബന്‍, മുന്‍ഡാലി, കനസര്‍ എന്നിങ്ങനെ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയില്‍ അധികം പരിചിതമല്ലാത്ത സ്ഥലങ്ങളിലാണ് ഈ ട്രെക്കിങ്.
65 കിലോമീറ്റര്‍ ദീര്‍ഘമുള്ള പാതയിലെ ട്രെക്കിങ്ങിലൂടെയാണ് ഈ പാതകള്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുക. താടിയാര്‍ മാര്‍ച്ച് എന്നാണ് ഈ ട്രെക്കിങ്ങിന് നല്‍കിയിരിക്കുന്ന പേര്. പുതിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനായി ബ്രിട്ടീഷ് കാലത്ത് ഉപയോഗിച്ച് പാതയാണിത്. ഈ പാതയിലൂടെയുള്ള സഞ്ചാരികളുടെ യാത്ര ഏപ്രില്‍ 30 മുതല്‍ ആരംഭിക്കും. ഈ യാത്രക്കിടെ സമുദ്ര നിരപ്പില്‍ നിന്നും 542 മീറ്റര്‍ മുതല്‍ 3,067 മീറ്റര്‍ വരെ ഉയരത്തില്‍ സഞ്ചാരികള്‍ക്ക് എത്താനാകും.
Content Highlights: Uttarakhand all set to open 15 less-explored jungle trails for trekkers from April
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..