കാൽനടയായി ഇന്ത്യ കാണാൻ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി വീണ്ടും; 2019-ൽ നടന്നു തീർത്തത് 3000 കിലോ മീറ്റർ


പി.മുരളീധരന്‍

unnikrishnan namboodiri
വീണ്ടും കാല്‍നടയായി ഭാരതപര്യടനത്തിന് ഒരുങ്ങുകയാണ് തൃശൂരിലെ ചാഴൂര്‍ പള്ളിപ്പാട്ടില്ലത്തെ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ഇക്കുറി പടിഞ്ഞാറന്‍ തീരദേശത്തുകൂടി കര്‍ണാടകവും മഹാരാഷ്ട്രയും ഗുജറാത്തും കടന്ന് കശ്മീരിലെത്തി അവിടെനിന്നു പൂര്‍വദിക്കിലൂടെ, അസമും ഒഡീഷയും ബംഗാളും വഴി, നാട്ടിലെത്താനാണുദ്ദേശിക്കുന്നത്. ആദ്യന്തം നടന്നുള്ള യാത്ര. ഉദ്ദേശിക്കുന്ന സമയം ഏതാണ്ട് ഒന്നര വര്‍ഷം. യാത്ര ജനുവരി ഒന്നിന് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കന്യാകുമാരിയില്‍നിന്ന്‌ ആരംഭിച്ചു.

2019-ല്‍ 74 ദിവസം കൊണ്ട് കാല്‍നടയായി കാശി വരെ യാത്ര ചെയ്ത് തീവണ്ടിയില്‍ തിരിച്ചുവന്നിരുന്നു ഈ 54-കാരന്‍. മൂവായിരം കിലോ മീറ്ററോളം നടന്നു തീര്‍ത്ത നമ്പൂതിരിയുടെ കൈയില്‍ അന്നുണ്ടായിരുന്നത് രണ്ടു തോര്‍ത്തുമുണ്ടും ഭിക്ഷാപാത്രവും വെള്ളക്കുപ്പിയും വിരിപ്പായി ഉപയോഗിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റും ടോര്‍ച്ചും കുടയും മാത്രം. "ഒരിക്കല്‍പ്പോലും മുഴുപ്പട്ടിണിയായില്ല, ആരും യാതൊരു തരത്തിലും ഉപദ്രവിക്കാന്‍ ശ്രമിച്ചുമില്ല"- നമ്പൂതിരി പറയുന്നു. അന്തിക്കാട്ടിനടുത്താണ് പള്ളിപ്പാട്ടില്ലം. അച്ഛന്‍ ശങ്കരനാരായണന്‍ നമ്പൂതിരി എന്ന പി.എസ്.എന്‍. 37 വര്‍ഷക്കാലം ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അമ്മ ആര്യ അന്തര്‍ജ്ജനം. മൂന്നു ജ്യേഷ്ഠസഹോദരന്‍മാരുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പൂജയും തന്ത്രവിദ്യയും പഠിക്കാനെത്തിയ ശിഷ്യന്റെ സ്വഭാവപ്രത്യേകതകള്‍ തിരിച്ചറിഞ്ഞ ഗുരു നീലകണ്ഠന്‍ നമ്പൂതിരി ഉണ്ണിക്കൃഷ്ണനെ പൂജാപഠനത്തിന് നിര്‍ബന്ധിച്ചില്ല. അദ്ദേഹമാണ് ശിഷ്യനോട് യാത്രക്കു പോകാന്‍ നിര്‍ദ്ദേശിച്ചതും. ഉണ്ണിക്കൃഷ്ണന്‍ 20 വര്‍ഷത്തോളം ബദരീനാഥിലായിരുന്നു. ശൈത്യകാലത്ത് അമ്പലം അടയ്ക്കുമ്പോള്‍ ആറു മാസം നാട്ടില്‍ തിരിച്ചെത്തും. ഇതിനിടയ്ക്ക് ഒരു കേരളപര്യടനത്തിന് അദ്ദേഹം പദ്ധതിയിട്ടിരുന്നു, കേരളത്തിലെ തൊള്ളായിരത്തിലധികം വരുന്ന ഗ്രാമങ്ങളില്‍ ഓരോ ദിവസം വീതം ചെലവഴിക്കാന്‍. മൂന്നു വര്‍ഷത്തെ ബൃഹദ് പദ്ധതി. ഒടുവില്‍ വേണ്ടെന്നുവെച്ചു. പിന്നെയാണ് യാത്രക്കുള്ള ഉള്‍വിളി വരുന്നത്. ഗുരുനാഥന്റെ ഉപദേശം പാലിക്കാന്‍ ഒരുപാട് വൈകിപ്പോയി എന്ന് ഉണ്ണിക്കൃഷ്ണന്‍. ഗുരുനാഥന്‍ മറ്റൊരു തലത്തിലെ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അവയുടെ ശരിയായ അര്‍ത്ഥത്തില്‍ തനിക്ക് മനസ്സിലാക്കാനായിട്ടുണ്ടോ എന്ന് ശിഷ്യന് ഇപ്പോഴും സംശയം.

ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലുള്ള അതിസാധാരണക്കാരും ദരിദ്രരുമായ ജനങ്ങളുടെയത്രയും ഹൃദയവിശാലതയും ഉദാരമനസ്‌കതയും വിദ്യാസമ്പന്നരെന്നു നാം കരുതുന്നവര്‍ക്ക് ഒരുപക്ഷേ ഒരിക്കലും ഉണ്ടാവില്ലെന്ന് അദ്ദേഹം അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നു. കാശിയാത്രക്കാലത്ത് തെലങ്കാനയിലെ ഒരു ഗ്രാമത്തില്‍ സന്ധ്യാനേരം. ഭിക്ഷക്കാരനെപ്പോലെ മുഷിഞ്ഞ തോര്‍ത്തുടുത്ത് മുന്നിലെത്തിയ സഞ്ചാരി ആംഗ്യഭാഷയില്‍ ചോദിച്ചത് കുളിക്കാനുള്ള വെള്ളം. വെള്ളത്തിന്റെ ധാരാളിത്തം ശീലിച്ച മലയാളിക്കു മുന്നില്‍ ഒരു പാത്രം വെള്ളമെത്തി. അതുകൊണ്ട് ഒരു വിധത്തില്‍ കുളിച്ചെന്നു വരുത്തി.

കര്‍ഷകരായ ആതിഥേയര്‍ ഭക്ഷണം വിളമ്പി. അതു കഴിച്ചശേഷം ഉണ്ണികൃഷ്ണന്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു, ഭാഷയറിയാത്തതിനാല്‍ ആംഗ്യത്തില്‍. എത്ര പറഞ്ഞിട്ടും അവര്‍ക്കു മനസ്സിലാകാത്തതു പോലെ. ഒടുവില്‍ കൈയിലെ കുടിവെള്ളക്കുപ്പി കാട്ടിയും മറ്റും ശ്രമം തുടര്‍ന്നപ്പോള്‍ ഗൃഹനാഥ വീട്ടിനകത്തുനിന്നും ഒരു പാത്രം കൊണ്ടുവന്ന് ഉയര്‍ത്തിക്കാട്ടി. അതിനകത്ത് കഷ്ടിച്ച് രണ്ടു ഗ്ലാസ് വെള്ളമേ ഉണ്ടായിരുന്നുള്ളൂ. ആ വീട്ടില്‍ ആകെ ബാക്കിയുള്ളത്. ആ ഗ്രാമത്തില്‍ വെള്ളമെത്തിയിട്ട് ദിവസങ്ങളായെന്ന് വഴിക്കുവന്ന ഹിന്ദി അറിയുന്ന ഒരാള്‍ വിശദീകരിച്ചു. 'നോക്കൂ, കുടിക്കാന്‍പോലും തികയാത്ത വെള്ളം ഊരും പേരുമറിയാത്ത ഒരു ഭിക്ഷാംദേഹിക്ക് കുളിക്കാന്‍ കൊടുത്തവരുടെ മനസ്സിന്റെ വലിപ്പം നമ്മളറിയുന്ന വിദ്യാസമ്പന്നര്‍ക്കുണ്ടാവുമോ?' നിര്‍മമമായി ഉണ്ണിക്കൃഷ്ണന്‍ ചോദിക്കുന്നു. അതാണ് ഇന്ത്യയുടെ മഹത്വം.

എന്തുകൊണ്ടാണ് തോര്‍ത്തുമുണ്ട് യാത്രാവേഷമാക്കിയത്? സൗകര്യം തന്നെ പ്രധാനമെന്ന് അദ്ദേഹം. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞയിടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ തുണിയലക്കാന്‍ ഒരുപാട് വെള്ളം സംഘടിപ്പിക്കുക എളുപ്പമാവില്ല. അഥവാ അലക്കാനായില്ലെങ്കില്‍, മുഷിഞ്ഞ തുണിയുടെ വലിപ്പം കുറയ്ക്കുകയാണല്ലോ അഭികാമ്യം. ചെറുപ്പത്തില്‍ മലപ്പുറത്തുനിന്നും മാതൃസഹോദരന്‍ തോര്‍ത്തുമുണ്ടുടുത്ത് ബസില്‍ യാത്ര ചെയ്ത് അന്തിക്കാട്ടെത്തിയ ഓര്‍മയും അദ്ദേഹത്തിനുണ്ട്. ഈ തോര്‍ത്തുമുണ്ട് ഒന്നു രണ്ടു ക്ഷേത്രങ്ങളില്‍ പ്രവേശനം തടഞ്ഞെങ്കിലും മറ്റു പ്രശ്നങ്ങള്‍ക്കൊന്നും കാരണമായില്ലെന്ന് നമ്പൂതിരി. മധുരയിലെ ഒരു ക്ഷേത്രത്തില്‍ കയറാന്‍ അധികൃതര്‍ സമ്മതിച്ചില്ല. കാരണം അന്വേഷിച്ചപ്പോള്‍ കോടതിവിലക്കാണ് കാരണം എന്നു മനസ്സിലായി. പക്ഷേ, മറ്റൊരാള്‍ മുണ്ടു തന്നു, അങ്ങനെ ക്ഷേത്രദര്‍ശനം സാധ്യമായി എന്ന് അദ്ദേഹം.

കൈയില്‍ അഞ്ചു പൈസയില്ലാതെ ഇത്രയും ദൂരം, ഇത്രയുംനാള്‍ യാത്ര ചെയ്യുമ്പോള്‍ എങ്ങനെയാണ് ആവശ്യങ്ങള്‍ നടന്നുപോയത്? ആരോടെങ്കിലും ചോദിക്കാന്‍ മനുഷ്യസഹജമായ ഈഗോ അനുവദിക്കുമോ എന്ന ചോദ്യത്തിന് 'അങ്ങനെയൊരു പ്രശ്നമില്ല, ഏതാനും ദിവസം കൊണ്ടു തീരുന്ന കാര്യമാണത്. ഭക്ഷണം ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമാണല്ലോ. അതിനാല്‍ ചോദിക്കാന്‍ മടിക്കേണ്ട കാര്യമില്ല' എന്ന് ഉണ്ണിക്കൃഷ്ണന്‍. യാത്രക്കിടെ രണ്ടു തവണ കണ്ണട കേടായതും അവ മാറ്റിക്കിട്ടിയതും അദ്ദേഹം ഓര്‍മിക്കുന്നു.

unnikrishnan nair
കാശിയാത്രയില്‍ ഉള്ളുലച്ച ചില സംഭവങ്ങളുമുണ്ട് ഉണ്ണിക്കൃഷ്ണന്. അതിലൊന്ന് ആന്ധ്രയില്‍ കറവ വറ്റിയ, വൃദ്ധകന്നുകാലികളെ വിജനസ്ഥലികളില്‍ ഉപേക്ഷിക്കുന്ന രീതിയാണ്. പച്ചപ്പില്ലാത്ത, കരിയിലകള്‍ നിറഞ്ഞ വന്‍മേടുകള്‍. എല്ലുകളെല്ലാം പുറത്തു കാണുന്ന ദയനീയരൂപങ്ങളുണ്ട് വഴിയില്‍. നടന്നുപോകുമ്പോള്‍ കരിയിലകളുടെ ഒച്ചകേട്ട് ഒരു കിടാവ് എഴുന്നേറ്റു. ആട്ടിന്‍കുട്ടിയുടെ വലിപ്പമേയുള്ളൂ അതിന്. ഒരുപക്ഷേ, നാടന്‍ ഇനമാവാം. കരഞ്ഞുകൊണ്ട് അത് പിന്നാലെ നടന്നു. നിര്‍ദ്ദയമായ വേനലില്‍ തീരെ കിട്ടാനില്ലാത്ത വെള്ളത്തിന് യാചിക്കുകയാവണം അത്. പക്ഷേ, ഒന്നും ചെയ്യാനാവാതെ വിങ്ങുന്ന ഹൃദയവുമായി അദ്ദേഹം മുന്നോട്ടു നടന്നു. കിടാവ് അത്രയ്ക്ക് ചെറുതായതിനാല്‍ കൈയിലെ കുപ്പിവെള്ളം അതിന്റെ വായില്‍ ഇറ്റിക്കാന്‍ കഴിയുമായിരുന്നില്ല.

കാശിയാത്രയ്ക്ക് ആത്മസാക്ഷാത്കാരം പോലെ എന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ 'അങ്ങനെയൊരു ലക്ഷ്യവുമായി പോയാല്‍ സാധിക്കുന്ന കാര്യമാണോ എന്നറിയില്ല' എന്നു മറുപടി. യാത്രയുടെ അനുഭവത്തെക്കുറിച്ചാണെങ്കില്‍ അത് വാക്കുകളാല്‍ വിവരിക്കാനാവാത്തതാണെന്നും. യാത്രയെക്കുറിച്ച് എഴുതാനുദ്ദേശ്ശ്യമില്ല. 'തനിക്ക് അത്രയ്ക്ക് അറിവില്ല എന്നതുതന്നെ കാരണം' എന്ന് ഉണ്ണിക്കൃഷ്ണന്‍. ധ്യാനവും അനുഷ്ഠാനവുമൊന്നും നിത്യചര്യയുടെ ഭാഗമല്ലെന്നു പറയുന്നു ഈ അവിവാഹിതന്‍. ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ചതാണോ എന്നു ചോദിക്കുമ്പോള്‍ 'വിവാഹം വേണ്ടെന്നു വെച്ചെന്നേയുള്ളൂ' എന്ന് മറുപടി.

? എന്തിനായിരുന്നു കാശിയാത്ര
= എന്താണ് ഈ ലോകത്തിന്റെ ഒരു സംവിധാനം എന്നു മനസ്സിലാക്കാന്‍.

?യാത്ര കഴിഞ്ഞപ്പോള്‍ എന്തു മനസ്സിലായി
= നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. എല്ലാം മുറപോലെ നടന്നുകൊള്ളും എന്ന്.

?എന്താണ് പുതിയ യാത്രയുടെ ലക്ഷ്യം
= സാക്ഷീഭാവം ഉറപ്പിക്കല്‍.

നമുക്ക് പുതിയ ഭാരതപര്യടനത്തിലേക്ക് വരാം. ഒമിക്രോണ്‍ ഭീതിയില്‍ സംസ്ഥാനങ്ങളോരോന്നായി അടച്ചുപൂട്ടാന്‍ തുടങ്ങുന്ന കാലമാണ്. യാത്ര പൂര്‍ത്തിയാക്കാനാവുമോ? അത്തരം സംശയങ്ങളും ഉല്‍ക്കണ്ഠകളും ഉണ്ണിക്കൃഷ്ണനെ അലട്ടുന്നില്ല. 'അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ യാത്ര നിര്‍ത്തി തിരിച്ചുപോരും, അത്രന്നെ.'

'കാശിക്കു പോയപ്പോള്‍ ദിവസം 40 കിലോ മീറ്റര്‍ നടന്നു. പുതിയ യാത്രയില്‍ 30 കിലോ മീറ്ററായി ചുരുക്കും. അത്രയധികം ദൂരം നടന്നു തീര്‍ക്കാനുണ്ടല്ലോ.' പുതിയ യാത്ര കന്യാകുമാരിയില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരങ്ങള്‍ വഴിയാണ് പുരോഗമിക്കുക. കേരളത്തിലൂടെയുള്ള യാത്ര ഇതര സംസ്ഥാനങ്ങളിലൂടെയുള്ളത്ര സുഗമമാവുമോ എന്ന കാര്യത്തില്‍ നമ്പൂതിരിക്ക് സംശയമില്ലാതില്ല. മലയാളി മറ്റുള്ളവരെപ്പോലെയല്ലല്ലോ!

Content Highlights: unnikrishnan namboodiri kasi yatra by walk


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented