കാശുകൊടുക്കാതെ വിമാനത്തില്‍ കയറാന്‍ സാധിക്കുമോ? സ്വപ്നത്തില്‍ മാത്രം നടക്കും എന്നായിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ അത്തരത്തിലൊരു സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് എന്ന അമേരിക്കന്‍ വിമാനക്കമ്പനി.

കോവിഡ് വാക്‌സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ യുണൈറ്റഡ് എയര്‍ലൈന്‍സ് സഞ്ചാരികള്‍ക്കായി പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ പൂര്‍ണമായും എടുത്തവര്‍ക്ക് സൗജന്യമായി ഒരു വിമാന യാത്രയാണ് കമ്പനി നല്‍കുന്നത്. യുവര്‍ ഷോട്ട് ടു ഫ്ളൈ എന്നാണ് ഈ പദ്ധതിയ്ക്ക് യുണൈറ്റഡ് എയര്‍ലൈന്‍സ് പേരുനല്‍കിയിരിക്കുന്നത്. കമ്പനിയുടെ സി.ഇ.ഒ സ്‌കോട്ട് കിര്‍ബിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

എന്നാല്‍ ഈ ഓഫര്‍ ലഭിക്കുന്നതിനായി സഞ്ചാരികള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ മൈലേജ് പ്ലസ് ലോയല്‍റ്റി പ്രോഗ്രാമില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ സൗജന്യ വിമാനയാത്രയ്ക്ക് അവസരം ലഭിക്കൂ. അത് ഓണ്‍ലൈന്‍ വഴി ചെയ്യാവുന്നതാണ്. ജൂണ്‍ 22 വരെ സഞ്ചാരികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. 

യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി യാത്രക്കാര്‍ കോവിഡ് വാക്‌സിന്‍ എടുത്തതിന്റെ രേഖകള്‍ സമര്‍പ്പിക്കണം. ഇത്രയും ചെയ്താല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാനത്തില്‍ സൗജന്യമായി പറക്കാം.

Content Highlights: United Airlines is offering free flights for a year to vaccinated travellers