ഷില്ലോങ്: അടിത്തട്ടുവരെ കാണാവുന്നത്ര തെളിച്ചമുള്ള നദി. യാത്രക്കാരുമായി ഒരു വഞ്ചി നദിക്ക് മേലെ ഒഴുകി നീങ്ങുന്നു. ഒറ്റനോട്ടത്തില്‍ വായുവില്‍ വഞ്ചി ഉയര്‍ന്നുനില്‍ക്കുകയാണെന്നേ തോന്നൂ. അത്രയും തെളിച്ചമുള്ളതാണ് നദിയിലെ ജലം. ജലശക്തി മന്ത്രാലയം കഴിഞ്ഞദിവസം ട്വിറ്ററില്‍ പങ്കുവെച്ച ഈ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. മേഘാലയയിലെ ഉമങ്ങോട്ട് നദിയാണ് ചര്‍ച്ചകള്‍ക്കെല്ലാം വഴിയൊരുക്കിയത്.

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഉമങ്ങോട്ട് നദി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള നദികളിലൊന്ന് എന്നാണ് ജലശക്തി മന്ത്രാലയം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നമ്മുടെ എല്ലാ നദികളും ഇതുപോലെ ശുദ്ധമാവണമെന്ന് ആഗ്രഹിക്കുന്നു. മേഘാലയയിലെ ജനങ്ങളെ അഭിനന്ദിക്കുന്നെന്നും മന്ത്രാലയം കുറിച്ചു.

ചിത്രം കണ്ടിട്ട് വിശ്വസിക്കാനാവുന്നില്ലെന്നാണ് ഒരാള്‍ ചിത്രം റീട്വീറ്റ് ചെയ്തുകൊണ്ട് പ്രതികരിച്ചത്. യമുനാ നദി എന്ന് ഇതുപോലെയാവും എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ജനസാന്ദ്രത കുറഞ്ഞതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു മറ്റൊരു കമന്റ്.

Content Highlights: umngot river, ministry of jal shakti, cleanest river in india, Cleanest river in world