ജല്ലിക്കെട്ട് (ഫയൽ ചിത്രം) Photo; AFP
പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി ജല്ലിക്കെട്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഏറ്റവും പ്രശസ്തമായ മൂന്ന് ജല്ലിക്കെട്ടുകളില്‍ അവണിയാപുരത്തും പാലമേടുമുള്ള മത്സരങ്ങള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടന്നു. കാണുംപൊങ്കല്‍ ദിനമായ ചൊവ്വാഴ്ച അളങ്കാനല്ലൂരില്‍ ജല്ലിക്കെട്ട് അരങ്ങേറും. വിദേശികളടക്കം ആയിരങ്ങളാണ് ജല്ലിക്കെട്ട് കാണാന്‍ അളങ്കാനല്ലൂരില്‍ എത്തിയിരിക്കുന്നത്. സമാപനച്ചടങ്ങില്‍ കായികമന്ത്രി ഉദയനിധി സ്റ്റാലിന് മുഖ്യാതിഥിയായിരിക്കും.
പൊങ്കലിനോട് അനുബന്ധിച്ച് മധുരയടക്കം തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലാണ് ജല്ലിക്കെട്ട് അരങ്ങേറുന്നത്. ജല്ലിക്കെട്ട് വേദിയുടെ വാടിവാസല്‍ എന്ന ഇടനാഴിയിലൂടെ കുതിക്കുന്ന കാളകളെ പിടിച്ചുനിര്‍ത്തുന്നതിനാണ് വീരന്മാര് മത്സരിക്കുന്നത്. ഏറ്റവുംകൂടുതല്‍ കാളകളെ പിടിച്ചുനിര്‍ത്തുന്ന വീരന് ജേതാവാകും. കാര്‍ അടക്കം സമ്മാനങ്ങള്‍ ലഭിക്കും. വീരന്മാര്ക്ക് പിടികൊടുക്കാത്ത കാളകളുടെ ഉടമകള്‍ക്കും സമ്മാനംലഭിക്കും.
പാലമേട് ജല്ലിക്കെട്ടില്‍ 23 കാളകളെ കീഴടക്കിയ ചിന്നത്തമ്പി തമിഴ് അരശന് ചാമ്പ്യനായി. ഇയാള്‍ക്ക് മുഖ്യമന്ത്രിയുടെ സമ്മാനമായ കാര്‍ ലഭിച്ചു.

19 കാളകളെ പിടിച്ചുനിര്‍ത്തിയ മണിക്കാണ് രണ്ടാംസ്ഥാനം. ഇയാള്‍ക്ക് ഇരുചക്രവാഹനം ലഭിച്ചു. മൂന്നാം സ്ഥാനക്കാരന് കന്നുകാലികളെയാണ് ലഭിച്ചത്. ഇതുകൂടാതെ ഒരോ തവണയും കാളകളെ മുട്ടുകുത്തിക്കുമ്പോള്‍ പാത്രങ്ങള്‍, സൈക്കിളുകള്‍ തുടങ്ങിയ സമ്മാനങ്ങളുമുണ്ട്. ഇത്തവണ പൊങ്കലിന് ചെറുതും വലുതുമായ 500-ല്‍ അധികം ജല്ലിക്കെട്ടുകളാണ് വിവിധ ജില്ലകളിലായി നടക്കുന്നത്.
മധുര ജില്ലയിലെ പാലമേടുനടന്ന ജല്ലിക്കെട്ടില്‍ പങ്കെടുത്ത് കാളകളെ പിടിച്ചടക്കുന്നതിനിടെ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. അരവിന്ദ് രാജ് (26), തിരുച്ചിറപ്പള്ളി സൂരിയൂരില്‍ മത്സരം കാണാനെത്തിയ അരവിന്ദ് (25) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന മൂന്ന് ജല്ലിക്കെട്ടുകളിലായി 120-ഓളം പേര്‍ക്ക് പരിക്കേറ്റുവെങ്കിലും ആവേശം കെട്ടടങ്ങാതെ മറ്റിടങ്ങളില്‍ മത്സരത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച നടന്ന അവണിയാപുരം ജെല്ലിക്കെട്ടില്‍ 60 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ 20 പേരുടെ നിലഗുരുതരമാണ്. പാലമേട് ജല്ലിക്കെട്ടിനിടെ പരിക്കേറ്റ 39 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂരിയൂരിലും 20-ഓളം പേര്‍ക്ക് പരിക്കേറ്റു.
Content Highlights: Alanganallur Jallikattu tamil nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..