കൊപ്പം: സമാധാനവും സമത്വവും നിലനിര്‍ത്തുക എന്ന സന്ദേശവുമായി ബൈക്കില്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച് യുവാക്കള്‍. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ പള്ളിയാലില്‍ മുഹമ്മദ് ഉനൈസും (23) മേലെ ചിറങ്കര മുഹമ്മദ് ഷുഹൈബുമാണ് (23) യാത്ര തിരിച്ചിരിക്കുന്നത്.

വീട്ടുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇവരെ യാത്രയാക്കി. 2018-ല്‍ ഇരുവരും ചേര്‍ന്ന് ബൈക്കില്‍ കാശ്മീരിലേക്ക് യാത്ര നടത്തിയിരുന്നു. ഒരു മാസം നീണ്ടുനിന്നതായിരുന്നു അന്നത്തെ യാത്ര. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വീണ്ടും യാത്ര തിരിച്ചിരിക്കുന്നത്. ലഡാക്കില്‍ എത്തിയശേഷം നേപ്പാളിലേക്കും ഭൂട്ടാനിലേക്കും യാത്ര ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഏതാണ്ട് മൂന്ന് മാസത്തോളം യാത്ര ചെയ്യേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

വണ്ടുംതറയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപകുമാര്‍ ഇവരുടെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കൊപ്പത്ത് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഇരുവരും.

Content highlights : two young people travel nepal and bhutan with the message of peace and equality