കുട്ടികളുമൊത്ത് പുറത്തുപോകുമ്പോള്‍ രക്ഷിതാക്കള്‍ ഏറെ കരുതലിലായിരിക്കും. ബീച്ചിലോ, പാര്‍ക്കിലോ, തിയേറ്ററിലോ മ്യൂസിയത്തിലോ അങ്ങനെ എവിടെയെങ്കിലും ആയിക്കൊള്ളട്ടെ, കറക്കവും കഴിഞ്ഞ് സമാധാനപരമായി വീട്ടിലെത്താനാവും ഓരോ രക്ഷിതാവും ശ്രമിക്കുക. പക്ഷേ കുട്ടികളുടെ വികൃതിയും അശ്രദ്ധയും കൊണ്ട് രക്ഷിതാക്കളുടെ മനസമാധാനം നഷ്ടപ്പെട്ടാലോ? അങ്ങനെയൊന്ന് സംഭവിച്ചു ഷാങ്ഹായില്‍. 

പ്രശസ്തമായ ഷാങ്ഹായി ഗ്ലാസ് മ്യൂസിയമാണ് വേദി. സന്ദര്‍ശനത്തിനെത്തിയ രക്ഷിതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളുടെ ശ്രദ്ധയില്ലായ്മകൊണ്ട് തകര്‍ന്നത് മ്യൂസിയത്തിലെ തന്നെ ശ്രദ്ധാകേന്ദ്രമായ ഡിസ്‌നി കോട്ടയുടെ കണ്ണാടി മാതൃകയാണ്. അതിന്റെ വിലയാകട്ടെ 47 ലക്ഷത്തിലധികം രൂപയും.

സന്ദര്‍ശകര്‍ കണ്ണാടി മാതൃകയുടെ അടുത്തേക്ക് പോകാതെ വച്ചിരുന്ന തടസം കുട്ടികള്‍ മറി കടന്നപ്പോഴാണ് അബദ്ധത്തില്‍ കോട്ടമാതൃകയില്‍ തട്ടിയത്. ഇളക്കം തട്ടിയ 'ഡിസ്‌നി കോട്ട' താഴേക്ക് വീണ് തകര്‍ന്നു. മേയ് മാസത്തില്‍ നടന്ന സംഭവം ചൈനീസ് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിക്കുകയായിരുന്നു. ചെയ്തത് തെറ്റായിപ്പോയെന്ന് കുട്ടികള്‍ക്ക് മനസിലായെന്ന് മ്യൂസിയം അധികൃതര്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. രക്ഷിതാക്കളുടെ മനോഭാവം വളരെ സൗഹാര്‍ദപരമായിരുന്നുവെന്നും തുടര്‍നടപടികള്‍ക്ക് സഹായിക്കുമെന്ന് ഉറപ്പുനല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാള്‍ട്ട് ഡിസ്‌നിയുടെ അരിബാസ് ബ്രദേഴ്‌സ് ആണ് ഡിസ്‌നി കോട്ടയുടെ മാതൃക നിര്‍മിച്ചത്. 60 കിലോഗ്രാം ഭാരം വരുന്ന മാതൃക 500 മണിക്കൂറെടുത്തായിരുന്നു നിര്‍മിച്ചത്. 24 കിലോ സ്വര്‍ണവും നിര്‍മാണത്തിനുപയോഗിച്ചിരുന്നു. 2016-ലായിരുന്നു കണ്ണാടി മാതൃക ഇവിടെയെത്തിച്ചത്. അന്നുതൊട്ട് മ്യൂസിയത്തിന്റെ ആകര്‍ഷണങ്ങളിലൊന്ന് ഡിസ്‌നി കോട്ടയുടെ മാതൃകയായിരുന്നു.

അപകടത്തിനിടയാക്കിയ കുട്ടികളുടെ രക്ഷിതാക്കള്‍ കോട്ടമാതൃകയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ പണം നല്‍കുമോയെന്ന് അറിവായിട്ടില്ല. എങ്കിലും കണ്ണാടി മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം അതിന്റെ പഴയ രൂപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരപ്രിയര്‍.

Content Highlights: Two kids accidentally break the exquisite Disney castle, Shanghai Glass Museum, Travel News