ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടു ബീച്ചുകള്‍ക്ക് കൂടി ബ്ലൂ ഫ്‌ളാഗ് അംഗീകാരം. കേരളത്തിലെ കോവളം, പുതുച്ചേരിയിലെ ഏദന്‍ എന്നീ ബീച്ചുകള്‍ക്കാണ് ഈ വര്‍ഷം  അംഗീകാരം ലഭിച്ചത്.  ഇതോടെ രാജ്യത്ത് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബീച്ചുകളുടെ എണ്ണം പത്തായി. ശുചിത്വമായ രാജ്യമെന്ന ഇന്ത്യയുടെ യാത്രയിലെ നാഴികകല്ലാണിതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഈ രണ്ടു ബീച്ചുകള്‍ക്ക് പുറമേ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്ലൂ ഫ്‌ളാഗ്  ലഭിച്ച് എട്ടു ബീച്ചുകള്‍ക്ക് റീസര്‍ട്ടിഫിക്കേഷനും ലഭിച്ചു

ബ്ലൂ ഫ്‌ളാഗ് എന്നത് ലോകത്താകമാനം അംഗീകരിക്കപ്പെട്ട പരിസ്ഥിതി ലേബലാണ്. നാല് തലങ്ങളില്‍ 33 പ്രധാന കര്‍ശനമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. പരിസ്ഥിതി പഠനവും വിവരവും, ജലത്തിന്റെ ഗുണന്മേ, പരിസ്ഥിതി നടത്തിപ്പ്, സുരക്ഷാ സേവനങ്ങള്‍ എന്നിങ്ങനെ നാല് തലങ്ങള്‍ക്ക് അടിസ്ഥാനമാക്കിയാണ് ബ്ലൂ ഫ്‌ളാഗ് നല്‍കുക. 

യുണെറ്റ്ഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രേഗ്രാം  ( യുഎന്‍ഇപി), യുണെറ്റ്ഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍(യുഎന്‍ഡബ്ല്യുടിഒ), ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യുക്കേഷന്‍ എന്ന എന്‍ജിഒ, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) എന്നിങ്ങനെ സംഘടനയിലുള്ളവരാണ് ജൂറി അംഗങ്ങള്‍. കേരളത്തില്‍ നിലവില്‍ കാപ്പാട് ബീച്ചിനാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് അംഗീകാരമുള്ളത്.

 

Content Highlights: two beach in india gets blue flag certification