ഈസ്താംബുള്‍: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ വീണ്ടും സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ് തുര്‍ക്കി. പുരാതന നഗരമായ തുര്‍ക്കിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള നിരവധി കാഴ്ചകളുണ്ട്. ഇന്നുമുതല്‍ തുര്‍ക്കിയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശിക്കാം. 

പക്ഷേ തുര്‍ക്കി സര്‍ക്കാര്‍ പുറത്തുവിട്ട 14 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാകൂ. നിര്‍ഭാഗ്യവശാല്‍ ആ ലിസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. ഇന്ത്യയില്‍ കോവിഡ് രോഗികള്‍ പെരുകുന്നതിനാലാണിത്. ഒരു കാലത്ത് ഇന്ത്യയേക്കാള്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യു.കെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

തുര്‍ക്കിയില്‍ കഴിഞ്ഞ മാസം 63082 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 29 മുതല്‍ ലോക്ക്ഡൗണ്‍ പ്രാവര്‍ത്തികമാക്കിയതോടെ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.

ടൂറിസമാണ് തുര്‍ക്കിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന്. സഞ്ചാരികളെ സ്വീകരിക്കുന്നുണ്ടെങ്കിലും റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാനും കൂട്ടം കൂടാനൊന്നും സഞ്ചാരികള്‍ക്ക് കഴിയില്ല. വാരാന്ത്യ കര്‍ഫ്യു നിലനില്‍ക്കും. 

Content Highlights: Turkey eases virus restrictions, opens gates for tourists from 14 countries