ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ക്കു പിന്നാലെ, വിമാനക്കമ്പനിക്ക് എതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ പെരുമഴയും ആരംഭിച്ചു. 

'ഞങ്ങള്‍ തകര്‍ക്കുന്നത് മത്സരങ്ങളെയാണ്, നിങ്ങളെയല്ല'... എതിരാളികളായ ജെറ്റ്എയര്‍വേയ്‌സിന്റെ പേരില്‍ പ്രചരിച്ച ഒരു പരിഹാസം ഇങ്ങനെയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഈ ട്രോളുമായി യാതൊരു ബന്ധവുമില്ലെന്ന പ്രസ്താവനയുമായി ജെറ്റ്എയര്‍വേസ് രംഗത്തുവന്നിരിക്കുകയാണ്. ഞങ്ങളുടെ ധാര്‍മികമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇത്തരത്തിലൊരു പ്രതികരണമെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ ഇന്‍ഡിഗോയെ കളിയാക്കി എയര്‍ഇന്ത്യയുടെ സമൂഹമാധ്യമ പേജിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നമസ്‌തേ പറയാന്‍ മാത്രമാണ് ഞങ്ങള്‍ കൈകള്‍ ഉയര്‍ത്താറുള്ളതെന്നും അണ്‍ബീറ്റബിള്‍ സര്‍വീസ് എന്നും എഴുതിയ പോസ്റ്റുകള്‍, ഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ അവര്‍ തന്നെ നീക്കം ചെയ്തു. എന്നാല്‍ പോസ്റ്റ് നല്‍കിയതിനെ കുറിച്ച് എയര്‍ഇന്ത്യയുടെ ഭാഗത്തുനിന്ന് വിശദീകരണമെന്നും വന്നിട്ടില്ല.

air india trolls indigo

 

കഴിഞ്ഞ ഒക്ടോബര്‍ 15-ന്, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇന്‍ഡിഗോ ജീവനക്കാരനായ ജൂബി തോമസും വിമാനയാത്രികനായ രാജീവ് കട്യാലും തമ്മിലുള്ള വഴക്ക് നടന്നത്. ഉന്തിനും തള്ളിനുമിടയ്ക്ക് നിലത്തുവീണ യാത്രികന്റെ കഴുത്തിന് പിടിക്കുന്ന ഇന്‍ഡിഗോ ജീവനക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.