ലസ്ഥാനനഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാകും. ഒപ്പം അത്യാധുനിക സൗരോർജ വിളക്കുകൾകൊണ്ട് വേളി ടൂറിസ്റ്റ് വില്ലേജ്  പ്രകാശപൂരിതമാവുകയും ചെയ്യും. വേളിയിലെ തന്നെ സ്വിമ്മിങ്‌പൂളിന്റെയും പാർക്കിന്റെയും നവീകരണ പ്രവർത്തനങ്ങളും പുതിയ വർഷത്തിൽ പണിയാരംഭിക്കും.
നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഇ-ടോയ്‌ലെറ്റ് എന്ന വിനോദസഞ്ചാരവകുപ്പിന്റെ പദ്ധതിക്ക് തത്വത്തിൽ അംഗീകരമാവുകയും ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പണി ആരംഭിക്കുകയും പൂർത്തിയാവുകയും ചെയ്താൽ 2018-ൽ തിരുവനന്തപുരത്തെ വിനോദസഞ്ചാര മേഖലയുടെ മുഖം തന്നെ മാറും.

95.57 ലക്ഷം രൂപ മുടക്കിയാണ് നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളൊരുക്കുന്നത്. ശംഖുംമുഖത്തെ മുത്തുച്ചിപ്പി പാർക്ക്, സുനാമി പാർക്ക്, ചാച്ചാ നെഹ്രു പാർക്ക്, വേളിയിലെ പാർക്ക്, ആക്കുളം ചിൽഡ്രൻസ് പാർക്ക്, കനകക്കുന്ന് പാർക്ക്, വെള്ളാറിലെയും വിഴിഞ്ഞത്തെയും ആർട്ട് ആൻഡ്‌ ക്രാഫ്റ്റ് വില്ലേജ്, മ്യൂസിയത്തെ നിശാഗന്ധി കോംപ്ലക്സ്, കോവളത്തെ ബീച്ചുകൾ എന്നിവിടങ്ങളിൽ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളൊരുക്കും.

റാംപുകൾ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ,  സൈൻബോർഡുൾ, വീൽ ചെയറുകൾ, വാക്കിങ് സ്റ്റിക്കുകൾ, ശബ്ദസഹായസംവിധാനം, ലിഫ്റ്റ് തുടങ്ങിയവയൊക്കെ ഏർപ്പെടുത്തും. ഒരോയിടത്തെയും ആവശ്യങ്ങൾ കണക്കിലെടുത്താകും എന്തൊക്കെ വേണമെന്നത് തീരുമാനിക്കുക. വിനോദസഞ്ചാര വകുപ്പിന്റെ ഈ പദ്ധതി നടപ്പിലാക്കുന്നത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലായിരിക്കും. വേളി ടൂറിസ്റ്റ് വില്ലേജിൽ 37 സൗരോർജ വിളക്കുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരമായി കഴിഞ്ഞു. ഇന്റഗ്രേറ്റഡ് ഇന്റലിജൻസ് സോളാർ സ്ട്രീറ്റ് ലൈറ്റ് ആണ് സ്ഥാപിക്കുന്നത്. 28.4 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാനാവുന്നതാണ് ഈ തെരുവുവിളക്ക്.

അഞ്ചുവർഷത്തേക്കുള്ള പ്രതിവർഷ അറ്റകുറ്റപ്പണിയും വിളക്കുകൾ നൽകുന്ന കമ്പനി തന്നെ വഹിക്കും. പുതുവർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ വേളിയിൽ അത്യന്താധുനിക സൗരോർജ വിളക്കുകൾ വെളിച്ചംവിതറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേളിയിലെ സ്വിമ്മിങ്‌ പൂളും പാർക്കും 2.5 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ഇതിനുള്ള പ്രവർത്തനങ്ങൾ 2018-ന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് എന്ന ഏജൻസിയാകും പ്രവർത്തനങ്ങൾ നടത്തുക. വിനോദസഞ്ചാരവകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി കരാർ ഒപ്പിട്ട് ആദ്യഗഡു തുക കിട്ടിയാലുടൻ വർക്ക് ഓർഡർ നൽകാനാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ.

വേളിയിൽ ബാർബിക്യു സ്നാക്ക് ബാർ, ഓപ്പൺ സ്റ്റേജ്, ബോർഡ് വാക്ക്, ബെഞ്ചുകൾ, പ്ലാന്റർ ബോക്സുകൾ, ശില്പങ്ങൾ തുടങ്ങിയവ സ്ഥാപിക്കും. ഇതൊടൊപ്പം തന്നെ സ്വിമ്മിങ്‌ പൂളിന്റെ നവീകരണം, നിലവിലുള്ള കെട്ടിടത്തിന് പുതിയ മേൽക്കൂര, ചുറ്റുമതിലിന്റെ നവീകരണം, ലോക്കർ റൂമുകളുടെ നവീകരണം തുടങ്ങിയവയും  പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 18 മാസമാണ് പണി പൂർത്തിയാക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്.

ഈ പ്രവർത്തനങ്ങൾ കൂടാതെ ശംഖുംമുഖം, കോവളം, അരുവിക്കര, വർക്കല തുടങ്ങിയ കേന്ദ്രങ്ങളിൽ ഇ-ശൗചാലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള തീരുമാനവും വിനോദസഞ്ചാര വകുപ്പ് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
2016-17 സാമ്പത്തിക വർഷത്തിൽ ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലിന് 10 പ്രോജക്ടുകൾ അനുവദിച്ചു കിട്ടിയിരുന്നു. അതിൽ നാലെണ്ണം പൂർത്തിയാക്കിക്കഴിഞ്ഞു.