റിസോര്‍ട്ടില്‍ ജീവനക്കാരന്‍ പീഡിപ്പിച്ച വിവരം അറിയിച്ചുകൊണ്ടുള്ള യുവതിയുടെ പോസ്റ്റ് വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ട്രാവല്‍ പോര്‍ട്ടല്‍. 2010-ല്‍ നടന്ന സംഭവത്തിനാണ് ഇപ്പോള്‍ ട്രിപ്പ് അഡൈ്വസര്‍ ക്ഷമാപണം നടത്തിയത്.

മെക്‌സികോയിലെ ഒരു റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ പീഡനത്തിന് ഇരയായ അനുഭവം ക്രിസ്റ്റി ലൗ എന്ന ടൂറിസ്റ്റാണ് സൈറ്റില്‍ കുറിച്ചത്. സഹായത്തിനെത്തിയ ജീവനക്കാരനാണ് അതിക്രമം നടത്തിയത്. റിസോര്‍ട്ട് അധികൃതരില്‍ നിന്നോ പോലീസില്‍ നിന്നോ തനിക്ക് സഹായം ലഭിക്കാത്തതിനാലാണ് അനുഭവം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തതെന്നും ക്രിസ്റ്റി അറിയിച്ചിരുന്നു.

അനുഭവക്കുറിപ്പ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്യുകയായിരുന്നു. പിന്നാലെ പല തവണ അവര്‍ കമന്റ് പോസ്റ്റ് ചെയ്‌തെങ്കിലും വീണ്ടും വീണ്ടും നീക്കം ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പിന്നീട് ഉണ്ടായത്.

മറ്റൊരാള്‍ക്ക് ഇത്തരത്തില്‍ അനുഭവം ഉണ്ടാകാതെയിരിക്കാന്‍ സഹായിക്കുമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ രംഗത്തെത്തി. 

എന്നാല്‍ തങ്ങള്‍ക്ക് റിസോര്‍ട്ടുകളുമായി യാതൊരു ബന്ധവുമില്ല എന്നും സൈറ്റിന്റെ കമന്റ് പോളിസി പ്രകാരം ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു എന്നും ട്രിപ്പ് അഡൈ്വസര്‍ പറയുന്നു. ഒഴിവുകാല വസതികളില്‍ അതിഥികള്‍ക്ക് നേരിടേണ്ടിവന്ന നിരവധി മോശം അനുഭവങ്ങള്‍ സൈറ്റില്‍ വരാറുണ്ട്. 2010-നു ശേഷം കമന്റ് മോഡറേഷന്‍ പോളിസികള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയെന്നും അവര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

യുഎസ് പ്രസിദ്ധീകരണമായ ജേണല്‍ സെന്റിനെല്ലിലൂടെയാണ് ട്രിപ്പ് അഡൈ്വസര്‍ വിശദീകരണം നല്‍കിയത്.