ദുബായ്: വയനാട്ടിലെ തിരുനെല്ലി കാരമാട് കോളനിയിലെ മധുവിന് ഇനി കൂടുതല്‍ മികവോടെ കാട്ടിലെ കാഴ്ചകള്‍ പകര്‍ത്താം. മൊബൈല്‍ ഫോണിലും സുഹൃത്തിന്റെ ക്യാമറ കടം വാങ്ങിയും ഫോട്ടോ എടുത്തുകൊണ്ടിരുന്ന മധുവിനെക്കുറിച്ചറിഞ്ഞ പ്രവാസിയായ തൃശൂര്‍ നാട്ടിക സ്വദേശി അബ്ദുള്‍ ജിഷാദ് ഈയിടെ ഒരു നിക്കോണ്‍ ഡി 3100 ക്യാമറ സമ്മാനിച്ചിരുന്നു.
മാതൃഭൂമി ഡോട്ട് കോമിലൂടെ മധുവിന്റെ ഈ ഫോട്ടോഗ്രാഫി ഭ്രമം അറിഞ്ഞ ദുബായിലെ ഗ്രാന്‍ഡ് സ്റ്റോര്‍സിന്റെ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് മേധാവി ഗോപാല്‍ സുധാകരനാണ് നിക്കോണ്‍ മിഡില്‍ ഈസ്റ്റിന്റെ പുതിയ സമ്മാനവുമായി എത്തിയിരിക്കുന്നത്. നിക്കോണ്‍ ക്യാമറകളുടെ മിഡില്‍ ഈസ്റ്റിലെ അംഗീകൃത വിതരണക്കാരാണ് ദുബായ് ആസ്ഥാനമായുള്ള ഗ്രാന്‍ഡ് സ്റ്റോര്‍.
നിക്കോണിന്റെ പുതുപുത്തന്‍ ഡി 5600 ക്യാമറയും നികോര്‍ 70-300 എംഎം എ.എഫ്.പി വി.ആര്‍ ലെന്‍സുമാണ് ദുബായില്‍ നിന്ന് തിരുനെല്ലിയിലേക്ക് സമ്മാനമായി പോകുന്നത്. നിക്കോണ്‍ മിഡില്‍ ഈസ്റ്റിന്റെ മധുവിനുള്ള സമ്മാനവുമായി കഴിഞ്ഞ ദിവസം ദുബായ് മീഡിയാ സിറ്റിയിലെ മാതൃഭൂമി ഓഫീസിലെത്തിയ ഗോപാല്‍ സുധാകരന്‍ ക്യാമറ കിറ്റ് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാറിനെ ഏല്‍പ്പിച്ചു. മാതൃഭൂമി വഴി ഈ സമ്മാനം തിരുനെല്ലിയില്‍ മധുവിന് എത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗോപാല്‍ സുധാകരന്‍ പറഞ്ഞു.
ഫോട്ടോഗ്രാഫിയില്‍ ഭ്രമവും താല്‍പ്പര്യവുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നത് എന്നും നിക്കോണിന്റെ നയമാണ്. പുതിയ ക്യാമറയിലൂടെ വയനാടിന്റെ മുഴുവന്‍ ഭംഗിയും കൂടുതല്‍ മനോഹരമായി പകര്‍ത്താന്‍ മധുവിന് കഴിയട്ടെയെന്നും ഗോപാല്‍ സുധാകരന്‍ പറഞ്ഞു.
മൊബൈല്‍ ഫോണില്‍ മിഴിവുറ്റ ചിത്രങ്ങള്‍ എടുത്തിരുന്ന മധുവിന്റെ കഥ മാതൃഭൂമി ഡോട്ട് കോം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കാട്ടില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു മധു മൊബൈലില്‍ ചിത്രങ്ങള്‍ എടുത്തിരുന്നത്. ഈ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും ശ്രദ്ധിക്കപ്പെട്ടതുമാണ് സ്വന്തമായി ക്യാമറ എന്ന മോഹത്തിലേക്ക് മധുവിനെ അടുപ്പിച്ചത്.
എടുക്കുന്ന ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു മധു ചെയ്തിരുന്നത്. ഈ ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ പുറംലോകം കണ്ടത്. നല്ല കാമറ കിട്ടിയാല്‍ മിഴിവുള്ള കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും എന്ന് മധു നേരത്തെ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചിരുന്നു.
മാതൃഭൂമി ഡോട്ട് കോമില്‍ വന്ന വാര്‍ത്തയുടെയും സുമനസുകളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെയും അടിസ്ഥാനത്തില്‍ തൃശൂര്‍ നാട്ടിക സ്വദേശി അബ്ദുള്‍ ജിഷാദ് കഴിഞ്ഞ മാസം തന്റെ കയ്യിലുള്ള നിക്കോണ്‍ കാമറ മധുവിന് സമ്മാനിച്ചിരുന്നു. ഈ സംഭവവും മാതൃഭൂമി ഡോട്ട് കോം വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഗ്രാന്‍ഡ് സ്റ്റോര്‍സ് അധികൃതര്‍ മധുവിന് പുത്തന്‍ ക്യാമറ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.
content highlights: Tribal photographer madhu karamat will get new camera from nikon