ദുബായ്: വിനോദ സഞ്ചാരികള്‍ക്കായി പുതിയ നിയമം പ്രഖ്യാപിച്ച് യു.എ.ഇ. രാജ്യത്തെ പ്രധാന നഗരമായ ദുബായ് സന്ദര്‍ശിക്കുന്ന എല്ലാ സഞ്ചാരികളും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണം.

ജൂണ്‍ ആറുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. കോവിഡ് വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്ക് ദുബായിലെ പരിപാടികളില്‍ പങ്കെടുക്കാനാകില്ല. സഞ്ചാരകേന്ദ്രങ്ങളും ഇവര്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കും. 

ദുബായ് ലക്ഷ്യമാക്കി പറക്കുന്ന ഇന്ത്യക്കാര്‍ നിര്‍ബന്ധമായും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതിനുശേഷം ദുബായിലേക്ക് പറക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പെങ്കിലും എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം. ഇതിനായി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് തന്നെ നടത്തണം. 

നിലവില്‍ സഞ്ചാരികള്‍ ഏറെയെത്തുന്ന സഞ്ചാരകേന്ദ്രമായി ദുബായ് മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വിദേശ സഞ്ചാരികളെ സ്വീകരിക്കാന്‍ ദുബായ് തയ്യാറായിക്കഴിഞ്ഞു. യു.എ.ഇ പൗരന്മാര്‍ക്ക് പോലും വാക്‌സിനെടുത്താല്‍ മാത്രമേ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവേശനമുള്ളൂ.

നിലവില്‍ യു.എ.ഇയിലുള്ള 16 വയസ്സിന് മുകളിലുള്ള 78.11 ശതമാനം പേരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. അതില്‍ 60 വയസ്സിന് മുകളിലുള്ള 84.59 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു. 

Content Highlights: Travellers to be vaccinated to attend live events in Dubai