കോട്ടയം : ഇളവുകള്‍ വന്നതോടെ കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസിലെ യാത്രികരുടെ എണ്ണവും വരുമാനവും കൂടുന്നു. മൂന്ന് ബോട്ടുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. രാവിലെ 6.45, 11.30, ഒന്ന് എന്നിങ്ങനെയാണിത്. ഇതില്‍ ഒരു ബോട്ട് ആലപ്പുഴ ഡിപ്പോയുടെതാണ്.

സഞ്ചാരം ഉഷാറായതോടെ ദിവസവരുമാനം 6500 രൂപ വരെയായിട്ടുണ്ട്. ബോട്ടൊന്നിന് ശരാശരി 3000 രൂപ വരെയാണ് ദിവസവരുമാനം. മുമ്പ് ദിവസം വരുമാനം 15000 രൂപ വരെയായിരുന്നു. ഞായറാഴ്ചയും ഒഴിവ് ദിവസങ്ങളിലും കായല്‍യാത്ര ആസ്വദിക്കാന്‍ വരുന്നവരുടെ എണ്ണം കൂടുതലാണ്.

ഇത് ബോട്ടുകളില്‍ തിരക്കേറ്റുന്നുണ്ട്. കോട്ടയത്തുനിന്ന് ആലപ്പുഴ വരെയും അവിടെനിന്ന് തിരിച്ചും യാത്രചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

16-ല്‍ചിറ, പാറേച്ചാല്‍, കാഞ്ഞിരം തുടങ്ങിയ ജലാശയത്തിന് കുറുകെയുള്ള പാലങ്ങളുടെ നവീകരണം പൂര്‍ത്തിയാകാത്തതിനാല്‍ റൂട്ട് മാറിയാണ് ഓട്ടം.

കാരാപ്പുഴ, കാഞ്ഞിരം, വെട്ടിക്കാട്, എം.എം.ബ്ലോക്ക് വഴിയാണ് സ്ഥിരം റൂട്ട്. എന്നാല്‍ ഇപ്പോള്‍ കോടിമത, പഴുക്കാനിലം, പള്ളം, ആര്‍ ബ്ലോക്ക് വഴിയാണ് ബോട്ടുകള്‍ പോകുന്നത്. പഴയ റൂട്ടാണ് സഞ്ചാരികള്‍ക്ക് പ്രിയം.

കോട്ടയം-ആലപ്പുഴ സഞ്ചാരസമയവും കുറവുണ്ട്. സ്ഥിരം റൂട്ടില്‍ ഓടിയെത്താന്‍ 1.50 മണിക്കൂര്‍ മതിയാകും. ഇപ്പോള്‍ 2.30 മണിക്കൂര്‍ വരെ എടുക്കുന്നുണ്ട്. പാലങ്ങളുടെ നവീകരണത്തിന് ജലഗതാഗതവകുപ്പും നഗരസഭയുമായി പാലങ്ങളുടെ നവീകരണം ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ അത് നടപ്പായിട്ടില്ല.

Content Highlights: travellers increased after a break in kottayam-alappuzha boat service