വേമ്പനാട്ട് കായലിനിത് വസന്തകാലമാണ്. മലരിക്കലിനു പിന്നാലെ ആമ്പല്‍ച്ചന്തം നിറഞ്ഞിരിക്കുകയാണ് വേമ്പനാട്ട് കായലിലും. കുമരകത്താണ് കായലില്‍ ഏക്കറുകളോളം ദൂരത്തില്‍ ആമ്പല്‍ നിറഞ്ഞിരിക്കുന്നത്.
കോട്ടയം കുമരകം റൂട്ടില്‍ കവണാര് പാലത്തിന് സമീപമുള്ള ടൂറിസം മിഷന് ഓഫീസിനടുത്തു നിന്നാണ് ആമ്പല്ക്കാഴ്ചയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുള്ളത്. അമ്പതോളം ശിക്കാര വള്ളങ്ങളാണ് ഇതിനായി ഇവിടെ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ബോട്ട് യാത്ര ചെയ്തുകൊണ്ട് ആമ്പല്‍പ്പൂക്കള്‍ ആസ്വദിക്കാമെന്നതാണ് കുമരകത്തെ പ്രത്യേകതയെന്ന് ബോട്ട് ആന്‍ഡ് ടാക്സി യൂണിയന് സെക്രട്ടറി വിനീത് എ.പി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
രാവിലെ ആറരയ്ക്കാണ് ബോട്ട് യാത്ര തുടങ്ങുന്നത്. ഒമ്പതരയ്ക്ക് യാത്ര അവസാനിക്കും. പത്ത് മണിയോടടുപ്പിച്ച് വിടര്‍ന്നു നില്ക്കുന്ന പൂക്കള്‍ അടയാന്‍ തുടങ്ങും. എല്ലാ വര്‍ഷവും ഇവിടെ ആമ്പല്‍ പൂവിടാറുണ്ടെങ്കിലും ഇത്രയും വ്യാപകമായുണ്ടാകുന്നത് ആദ്യമായാണ്. മറ്റുസ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വെള്ള, പിങ്ക്, കടും ചുവപ്പ് എന്നിങ്ങനെ മൂന്നുതരം ആമ്പലുകള്‍ കുമരകത്ത് കാണാം. ഓരോ വര്‍ഷം കഴിയുന്തോറും ആമ്പല്‍പ്പൂക്കള്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് പ്രദേശവാസിയായ മന്മഥന് പറഞ്ഞു. നിലവില്‍ മുപ്പതേക്കറോളം പ്രദേശത്ത് ആമ്പലുകള്‍ നിറഞ്ഞിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ അത് നാല്‍പ്പത്തഞ്ചോ അമ്പതോ ഏക്കറിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കായലില്‍ ഉപ്പുവെള്ളം കയറുന്ന അവസരത്തില്‍ നശിക്കുന്ന ചെടികള്‍ ഉപ്പുവെള്ളം ഇറങ്ങുമ്പോള്‍ വീണ്ടും മൊട്ടിടും. കോട്ടയത്ത് ആമ്പലുകള്‍ പൂക്കുന്ന ഭാഗങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയിലെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന് കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. ലോക പ്രശസ്തമായ ടുലിപ് ഫെസ്റ്റിവല്‍ പോലെ പിങ്ക് വാട്ടര്‍ ലില്ലി ഫെസ്റ്റിവല്‍ എന്ന തരത്തില്‍ ഒരു ടൂറിസം പ്രോഗ്രാം ആയി മാറ്റാന്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നാലഞ്ച് മാസത്തേക്ക് കേരളത്തിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര ആവശ്യമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. മലരിക്കലിനൊപ്പം കോട്ടയത്തെ സമീപ പ്രദേശങ്ങളിലുമുള്ള പതിനഞ്ച് കേന്ദ്രങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിരാവിലെയെത്തിയാല്‍ അതിമനോഹരമായ കാഴ്ചയാണ് കുമരകത്തെ ആമ്പല്‍പ്പാടം സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ജനുവരിയോടെ ഈ കാഴ്ചകള്‍ ഇല്ലാതാകുമെങ്കിലും എല്ലാവര്‍ഷവും പിങ്ക് വാട്ടര്‍ ലില്ലി ഫെസ്റ്റിവല്‍ നടത്താനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.
Content Highlights: Travel through pink water lily field, vembanad lake, kumarakom tourism, mathrubhumi yathra