ഭുവനേശ്വര്‍: നന്ദന്‍കനന്‍ വന്യജീവി സങ്കേതം സന്ദര്‍ശിക്കുന്നവര്‍ക്ക്  വന്യത ആസ്വദിക്കുന്നതിനൊപ്പം ഇനി ടോയ് ട്രെയിനില്‍ യാത്രയും ചെയ്യാം. പരിസ്ഥിതി സൗഹാര്‍ദമായ ടോയ് ട്രെയിനിന്റെ ഉദ്ഘാടനം ഒഡീഷ പരിസ്ഥിതി, കാലാവസ്ഥ മന്ത്രി ബിക്രം കേശരി അരൂക്ക നിര്‍വഹിച്ചു. വെള്ളിയാഴ്ചയായിരുന്നു ഉദ്ഘാടനം. ഇതോടൊപ്പം തന്നെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായുള്ള റോപ്പ്‌വേയുടെ തറക്കല്ലും മന്ത്രി ഇട്ടു. 

ടോയ് ട്രെയിന്‍

1.65 കിലോമീറ്റര്‍ ദൂരമായിരിക്കും ടോയ് ട്രെയിന്‍ സഞ്ചരിക്കുക. വന്യജീവി സങ്കേതത്തിലെ എലിഫന്റ്, ഡീയര്‍ സൂവിലൂടെയായിരിക്കും ട്രെയിന്‍പാത കടന്നുപോകുക. ഒരു ദിവസം ആറ് തവണയായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. കുട്ടികള്‍ക്ക് 20 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. ബാറ്ററിയിലാണ് ട്രെയിന്‍ ഓടുക. അഞ്ചു കോച്ചുകളിലായി 72 സീറ്റുകളാണ് ട്രെയിനിലുണ്ടാവുക. 

റോപ്പ് വേ

13 കോടി രൂപയാണ് റോപ്പ് വേയുടെ നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. 18 മാസം കൊണ്ടായിരിക്കും ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവുക. 12 ക്യാബിനുകളാകും റോപ്പ് വേയിലുണ്ടാവുക. വന്യജീവി സങ്കേതത്തിനും ബൊട്ടാണിക്കല്‍ ഗാര്‍ഡനുമിടയിലുള്ള തടാകത്തിലൂടെയായിരിക്കും റോപ്പ് വേ കടന്നുപോവുക. 

പൈത്യക കേന്ദ്രങ്ങള്‍ കൊണ്ടു സമ്പന്നമാണ് ഒഡീഷ. ആരാധനാലയങ്ങളും ബീച്ചുകളുടെയും ഭംഗി നിരവധി സന്ദര്‍ശകരെയാണ് വര്‍ഷാവര്‍ഷം ഒഡീഷയിലേക്ക് ആകര്‍ഷിക്കുന്നത്. യുനെസ്‌കോ ലോകപൈത്യക പട്ടികയിലുള്ള കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, ഒഡീഷയുടെ പൈത്യക തലസ്ഥാനമെന്നറിയപ്പെടുന്ന കട്ടക്ക് , പുരി ജഗനാഥ് ക്ഷേത്രം എന്നിവയാണ് ഒഡീഷയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍.

Content Highlights: toy train starts service in nandankanan zoo in bhuvaneshwar