Photo: instagram.com/tovinothomas
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് താഴേക്ക് ചാടി മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരം ടൊവിനോ തോമസ്. സാംബിയ- സിംബാവേ അതിര്‍ത്തിയിലെ പ്രശസ്തമായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്ന് ബംജീ ജംപിങ് നടത്തിയാണ് ടൊവിനോ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. വിക്ടോറിയ വെള്ളച്ചാട്ടമുള്ള ആഫ്രിക്കയിലെ നാലാമത്തെ വലിയ നദിയായ സാംബെസി നദിക്ക് കുറുകെയുള്ള 'ഹിസ്റ്റോറിക് പാല'ത്തില്‍ നിന്നാണ് ടൊവിനോ ബംജീ ജംപിങ് നടത്തിയത്.
"ഓരോ ഉയര്‍ച്ചയും വീഴ്ചയില്‍ നിന്നാണ് തുടങ്ങുന്നത്. ഇവിടെ ഞാന്‍ വീഴ്ചകളെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ്, എന്നെങ്കിലും ഒരിക്കല്‍ പറക്കാന്‍വേണ്ടി"- വീഡിയോ പങ്കുവെച്ച് ടൊവിനോ കുറിച്ചു. സിംബാബ്‌വേ നിന്ന് ചാടിയപ്പോള്‍ കറങ്ങിയെത്തിയത് സാംബിയയില്‍. ബംജീ ജംപിങ് ഏറെ ആസ്വദിച്ചെന്നും ടൊവിനോ കുറിച്ചു.
വൈറലായി മാറിയ വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ആരാധകരിടുന്നത്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ സിനിമയായ മിന്നല്‍ മുരളിയിലെ നായകനായ ടൊവിനോയ്ക്ക് 'ശരിക്കും മിന്നലടിച്ചോ' എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
കുടുംബത്തോടൊപ്പം ആഫ്രിക്കന്‍ പര്യടനത്തിലുള്ള ടൊവിനോ യാത്രയിലെ വിശേഷങ്ങള്‍ നേരത്തെയും ആരാധകരുമായി പങ്കുവെച്ചിരുന്നു. ബോട്‌സ്വാനയില്‍ സഫാരിക്കിടെ സിംഹവുമായുള്ള സെല്‍ഫി വീഡിയോയും ആഫ്രിക്കയില്‍ നിന്നുള്ള ഈസ്റ്റര്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു.
വിക്ടോറിയ വെള്ളച്ചാട്ടം
.jpg?$p=84e810a&&q=0.8)
തെക്കന്‍ ആഫ്രിക്കയിലെ സാംബിയ, സിംബാബ്‌വേ അതിര്‍ത്തിയിലുള്ള സാംബെസി നദിക്കരയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും വിശാലവുമായ വെള്ളച്ചാട്ടവുമാണ് ഇത്. പ്രകൃതിയാലുള്ള മഹാത്ഭുതങ്ങളില്‍ ഒന്നായാണ് ഈ വെള്ളച്ചാട്ടത്തെ കണക്കാക്കുന്നത്. വെള്ളച്ചാട്ടം ആദ്യമായി കണ്ടെത്തിയ സ്‌കോട്ടിഷ് മിഷനറിയും സഞ്ചാരിയുമായ ഡേവിഡ് ലിവിങ്സ്റ്റണ്‍ ആണ് വിക്ടോറിയ എന്ന പേര് നല്‍കിയത്. ബ്രിട്ടീഷ് രാജ്ഞിയോടുള്ള ആദരസൂചകമായിരുന്നു ഈ നാമകരണം.
1708 മീറ്റര്‍ വീതിയുള്ള വെള്ളച്ചാട്ടമാണ് വിക്‌റ്റോറിയ ഫാള്‍സ്. നയാഗ്രയേക്കാള്‍ ഇരട്ടി ഉയരത്തില്‍നിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടം കാണുന്നതിന് പുറമെ വിക്ടോറിയ താഴേക്ക് പതിക്കുന്ന ഭാഗത്തെ ഡെവിള്‍സ് പൂളില്‍ നീന്തുന്നതും പൂളിന്റെ അരികിലെ ഡെവിള്‍സ് ആംചെയര്‍ എന്ന പാറക്കെട്ടിലിരിക്കുന്നതും ആസ്വദിക്കാനെത്തുന്ന ധാരാളം വിനോദസഞ്ചാരികളുണ്ട്. ബഞ്ജി ജംപിങ്ങ് ഉള്‍പ്പടെയുള്ള നിരവധി സാഹസിക പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഫ്രിക്കയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നാണ് വിക്ടോറിയ വെള്ളച്ചാട്ടം. കൂടുതലായും സാംബിയ വഴിയാണ് ഇവിടേക്ക് സഞ്ചാരികളെത്തുന്നത്.
നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വെള്ളത്തിന്റെ അളവ് വരെ കൂടുതല്‍ ആയിരിക്കും. ബാക്കിയുള്ള സമയം വെള്ളത്തിന്റെ അളവ് കുറവും. വെള്ളം കുറയുമ്പോഴാണ് ഫാള്‍സ് കാണുവാന്‍ ഏറ്റവും നല്ലത്.
Content Highlights: tovino thomas bungee jumping at victoria falls
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..