ടുവിൽ: കോവിഡ് മാനദണ്ഡങ്ങൾ വകവെക്കാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക്. ഡി കാറ്റഗറിയിൽപ്പെട്ട പഞ്ചായത്തുകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കാണ് വലിയ തോതിൽ ആളുകൾ എത്തുന്നതെന്നാണ് പരാതി. പ്രധാനമായും യുവാക്കളുടെ കൂട്ടങ്ങളാണ് എത്തുന്നത്.

മഴ ശക്തിപ്പെട്ട് തോടുകളിൽ നീരൊഴക്ക് കൂടിയതോടെ വെള്ളച്ചാട്ടങ്ങളുള്ള സ്ഥലങ്ങളാണ് ഇവരുടെ ലക്ഷ്യം. പല സ്ഥലങ്ങളും വിജനമായ ഇടങ്ങളാണ്. അപകടം സംഭവിച്ചാൽ വിളിച്ചുകരഞ്ഞാൽപോലും കേൾക്കാൻ ആളുണ്ടാവില്ലെന്ന് നാട്ടുകാർ പറയുന്നു.

ഏഴരക്കുണ്ടിൽ കഴിഞ്ഞ വർഷമുണ്ടായ അപകടം അങ്ങനെ നടന്നതാണ്. അപരിചിത സ്ഥലങ്ങളിൽ ആദ്യമായെത്തുന്നവർ സാഹസികമായി വെള്ളത്തിലിറങ്ങി ഫോട്ടോയെടുക്കുകയും കുളിക്കുകയും ചെയ്യുന്നുണ്ട്. തളിപ്പറമ്പ്, കണ്ണൂർ ഭാഗത്തുനിന്നാണ് കൂടുതലാളുകളും എത്തുന്നത്. വഴുക്കലുള്ള പാറക്കെട്ടുകളിൽ കയറുന്നതും അപകടം വിളിച്ചുവരുത്തുന്ന രീതിയിലാണ്. സന്ധ്യാസമയങ്ങളിൽപോലും ചെറുപ്പക്കാരുടെ സംഘങ്ങളെ വെള്ളച്ചാട്ടങ്ങളുടെ സമീപങ്ങളിൽ കാണാൻ കഴിയും.

വൈതൽക്കുണ്ട്, വായിക്കമ്പ, ചീക്കാട്, കൂളിക്കുണ്ട്, ജാനകിപ്പാറ, മുന്നൂർകൊച്ചി, പന്ത്രണ്ടാംചാൽ തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലാണ് കൂടുതലാളുകളെത്തുന്നത്. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ പ്രവേശനം അനുവദിക്കുന്നില്ല. എന്നാൽ ഇതിന്റെ സമീപത്തൊക്കെ യുവാക്കൾ എത്തുന്നുണ്ട്.

ശക്തമായ ഒഴുക്കും വഴുക്കലുമുള്ള കിഴക്കാംതൂക്കായ പാറകളുമാണ് മലയോരത്തെ തോടുകളിലുള്ളത്. രാജവെമ്പാലയെപ്പോലുള്ള ഇഴജീവികളും മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

കുടുംബസമേതം സഞ്ചാരികൾ

പാലക്കയം, പൈതൽമല, കുട്ടിപ്പുല്ല് തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബസമേതം വാഹനങ്ങളിലെത്തുന്നവർ കൂടിവരികയാണ്. ഡി.ടി.പി.സി.യുടെ കേന്ദ്രങ്ങളിൽ ആളുകളെ കയറ്റുന്നില്ലെങ്കിലും ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർ ഇതിനു സമീപസ്ഥലങ്ങളിൽ കറങ്ങുന്നത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന ആശങ്ക ഉയർത്തുന്നു.

നവമാധ്യമ സ്വാധീനം

യൂട്യൂബ്, വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളുടെ സ്വാധീനം സാഹസിക സഞ്ചാരം നടത്താൻ യുവാക്കൾക്ക് പ്രേരണയാകുന്നുണ്ട്. ലഹരിവസ്തുക്കൾ ഉപയോഗിച്ചാണ് പലരുമെത്തുന്നത്. മലയോരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ലഹരി, മയക്കുമരുന്ന് വിൽപ്പനക്കാരുടെ താവളമായിട്ടുണ്ട്. നാടൻചാരായ വാറ്റും വില്പനയും തകൃതിയാണ്. വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചാണ് ഇതും നടക്കുന്നത്.