ഗോകർണയിലെ ഓം ബീച്ച് | ഫോട്ടോ: ശ്രീജിത്ത് പി രാജ് | മാതൃഭൂമി
മൈസൂരു: കേരളത്തിൽനിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയെങ്കിലും സംസ്ഥാനത്ത് മലയാളി സന്ദർശകരുടെ തിരക്ക് ആരംഭിച്ചിട്ടില്ല. മൈസൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സാധാരണഗതിയിൽ കേരളത്തിൽനിന്നാണ് ഏറ്റവുമധികം സന്ദർശകരെത്തിയിരുന്നത്. വൈകാതെ മലയാളി സന്ദർശകരുടെ തിരക്കേറുമെന്നാണ് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ പ്രതീക്ഷ.
ഒരുവർഷത്തോളം നീണ്ട കാലയളവിനുശേഷം ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചത് വിനോദസഞ്ചാരരംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾക്ക് ഏറെ ആശ്വാസകരമായിരുന്നു. സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം വന്നതോടെ മലയാളികളുടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവയെല്ലാം പൂർണതോതിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നിലവിൽ, ആഴ്ചയവസാനങ്ങളിൽ മാത്രമാണ് മലയാളി സന്ദർശകർ പ്രധാനമായെത്തുന്നത്.
മൈസൂരു, കുടക്, ഹംപി, ചിക്കമംഗളൂരു, ഗോകർണ തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലൊന്നും കേരളത്തിൽനിന്നുള്ള സന്ദർശകരുടെ തിരക്ക് തുടങ്ങിയിട്ടില്ല. അതിനാൽ, പ്രധാനമായും മലയാളി സന്ദർശകരെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വിനോദസഞ്ചാരരംഗത്തെ മലയാളികൾക്കും കാര്യമായ ബിസിനസ് ലഭിക്കുന്നില്ല.
കോവിഡിനുമുമ്പ് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നൂറുകണക്കിനു മലയാളി സന്ദർശകർ സംസ്ഥാനത്തെത്തും. നിലവിൽ, യാത്രാനിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും മലയാളികൾ കാര്യമായി എത്തിത്തുടങ്ങിയിട്ടില്ലെന്ന് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇത്തവണ കോവിഡ് വ്യാപനം കാരണം കേരളത്തിൽ സ്കൂളുകൾ വൈകിയാണ് തുറന്നത്. അതിനാൽ, പരീക്ഷയുടെയും മറ്റും തിരക്കിലാണ് വിദ്യാർഥികളിപ്പോൾ. ഈസാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്ര ഉണ്ടാകാൻ സാധ്യതയില്ലെന്ന് വിനോദസഞ്ചാരമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടി.
Content Highlights: tourists places in karnataka, gokarna travel, hampi travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..