നിലമ്പൂർ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ നിലമ്പൂർ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻതിരക്ക്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികൾക്ക് പ്രവേശനം.

നിലമ്പൂർ തേക്കുമ്യൂസിയത്തിൽ കഴിഞ്ഞ ഞായറാഴ്ച മാത്രം ഏകദേശം 1.10 ലക്ഷം രൂപയാണ് വരുമാനം. ടിക്കറ്റ് ഇനത്തിലും വാഹന പാർക്കിങ് ഇനത്തിലുമാണ് പ്രധാന വരുമാനം ലഭിക്കുന്നത്.

നവംബറിലെ അവസാന ഞായറാഴ്ച 1.25 ലക്ഷം രൂപയായിരുന്നു വരുമാനം. കഴിഞ്ഞ ഞായറാഴ്ച മാത്രം 1,500 ലേറെ സഞ്ചാരികൾ തേക്ക് മ്യൂസിയം സന്ദർശിച്ചിട്ടുണ്ടാവുമെന്നാണ് ഏകദേശ കണക്ക്.

400-ലേറെ വാഹനങ്ങളും കേന്ദ്രത്തിനോട് ചേർന്നുള്ള വാഹനപാർക്കിങ് മൈതാനത്ത് എത്തിയിട്ടുണ്ട്. തിരക്ക് കൂടുതലുള്ള സഞ്ചാരികളുടെ മുഴുവൻ വാഹനങ്ങളും മ്യൂസിയം വളപ്പിനുള്ളിൽ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ കെ.എൻ.ജി. റോഡിനിരുവശത്തുമായാണ് കുറേയെണ്ണം പാർക്ക് ചെയ്യാറുള്ളത്.

കഴിഞ്ഞ മാസമാണ് തേക്ക് മ്യൂസിയമടക്കമുള്ള നിലമ്പൂർ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നത്. നിലമ്പൂരിന്റെ സമീപത്തുള്ള ചാലിയാർ പഞ്ചായത്തിലെ ആഢ്യൻപാറ ജലവിനോദ സഞ്ചാരകേന്ദ്രം, കക്കാടംപൊയിൽ, കോഴിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളിലും കഴിഞ്ഞ നാളുകളിലായി സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Content Highlights: tourists destinations in nilambur, adyanpara waterfalls, kozhippara waterfalls, kakkadampoil