മലപ്പുറം: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ പൂർണമായും തുറന്നു. ഞായറാഴ്ച ആയിരക്കണക്കിന് പേരാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തിയത്.

പ്രതികൂല കാലാവസ്ഥ നിലനിന്നിരുന്നതിനാൽ പ്രവേശനം നിരോധിച്ചിരുന്ന ആഢ്യൻപാറ, കോട്ടക്കുന്ന് പാർക്ക് എന്നിവയുടെ വിലക്കുകൾകൂടി നീക്കിയതോടെ വിനോദസഞ്ചാരമേഖല ജില്ലയിൽ സജീവമായി. എന്നാൽ പുലിഭീതി നിലനിൽക്കുന്നതിനാൽ കേരളാംകുണ്ടിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

സമീപത്തുള്ള ഇക്കോ-വില്ലേജിൽ സഞ്ചാരികളെത്തിത്തുടങ്ങി. അവധിദിനം കൂടിയായിരുന്നതാവാം ആളുകൾ കൂടുതൽ എത്താൻ കാരണം.

നിറഞ്ഞുകവിഞ്ഞ് കോട്ടക്കുന്ന്

കോട്ടക്കുന്ന് പാർക്കിൽ എത്തിയവരിലേറെപ്പേരും ജില്ലയ്ക്കുള്ളിൽ തന്നെയുള്ളവരായിരുന്നു. എളുപ്പത്തിൽ എത്താവുന്ന കേന്ദ്രമെന്നനിലയിൽ സമീപവാസികളുൾപ്പെടെയുള്ളവർ കോട്ടക്കുന്നിലാണെത്തിയത്. രാത്രി എട്ടുമണിവരെ ഏകദേശം പതിനായിരത്തിനടുത്താളുകൾ എത്തിയെന്നാണ് കണക്ക്. നാളെമുതൽ പ്രഭാതസവാരിക്കെത്തുന്നവർക്ക് പാർക്ക് പുലർച്ചെ അഞ്ചുമണി മുതൽ എട്ടുവരെ തുറന്നുനൽകുമെന്നും അധികൃതർ അറിയിച്ചു.

പുഴയിലിറങ്ങി കളിവേണ്ട

നിലമ്പൂരിനടുത്ത് ആഢ്യൻപാറ വെള്ളച്ചാട്ടം ഒരിടവേളയ്ക്കുശേഷം വീണ്ടും തുറന്നപ്പോൾ എണ്ണൂറോളം പേരാണ് ആദ്യദിനംതന്നെ എത്തിയത്. എന്നാൽ കണ്ടാസ്വദിക്കാൻ മാത്രമേ അനുമതിയുള്ളൂ. അപകടഭീഷണിയുള്ളതിനാൽ പുഴയിലിറങ്ങുന്നതിന് വിലക്കുകളുണ്ട്.

വേണം കോവിഡ് ജാഗ്രത

വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും തുറന്നെങ്കിലും കോവിഡ് മുൻകരുതലുകൾ മറക്കരുത്. കോവിഡ് വാക്‌സിൻ നിർബന്ധമായും എടുത്തിരിക്കണം. ഒമിക്രോൺ വകഭേദം വിവിധരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ജില്ലാ വിനോദസഞ്ചാര അധികൃതർ അറിയിച്ചു.

Content Highlights: tourists destinations in Malappuram, Kottakkunnu park, Adyanpara waterfall