ബേക്കൽ കോട്ടയ്ക്കുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ ടൂറിസ്റ്റ് ബംഗ്ലാവ്
ഉദുമ: ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ട കാണാനെത്തുന്നവര്‍ക്ക് മുന്നില്‍ കഴുക്കോലുകളും ഓടുമെല്ലാം തകര്‍ന്ന് ജനല്പ്പാളികളും കതകുകളും പൊളിഞ്ഞ ഭാര്ഗവീനിലയംപോലൊരു കെട്ടിടം.
അന്താരാഷ്ട്ര വിനോദസഞ്ചാരഭൂപടത്തില്‍ ഇടമുള്ള ബേക്കല്‍ കോട്ടയ്ക്കുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ ഈ ടൂറിസ്റ്റ് ബംഗ്ലാവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നാണക്കേടായി തീര്‍ന്നിരിക്കുകയാണ്.
ഇത്രയും പ്രസിദ്ധമായ കോട്ടയുടെ ഉള്ളില്‍ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ ഇത്തരത്തിലൊരു കെട്ടിടത്തിന്റെ ദുരവസ്ഥ ചൂണ്ടികാണിക്കുമ്പോള്‍ തെളിയുന്നത് ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നവരുടെ പിടിപ്പുകേടാണ്.
ബംഗ്ലാവിന്റെ ചരിത്രം
ബംഗ്ലാവിനുള്ളിലെ ശിലാഫലകമനുസരിച്ച് കെട്ടിടം 1909-ലാണ് നിര്‍മിച്ചത്. എം.ജി.എസ്. നാരായണനടക്കമുള്ളവര്ക്കൊപ്പം 1990-കളില്‍ ഇതില്‍ താമസിക്കാനെത്തിയിരുന്നതായി ചരിത്രകാരനും അധ്യാപകനും ആയ സി. ബാലന് ഓര്‍മിക്കുന്നു.
35 ഏക്കര്‍ വിസ്തൃതിയുള്ള ബേക്കല്‍ കോട്ട സംസ്ഥാനസര്‍ക്കാര്‍ പുരാവസ്തുവകുപ്പിന് (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ-എ .എസ്.ഐ.) കൈമാറുമ്പോള്‍ ഈ ബംഗ്ലാവും റോഡും അടക്കം മൂന്നരയേക്കര് സ്ഥലം ഒഴിവാക്കിയിരുന്നു. അങ്ങനെ ബേക്കല്‍ കേട്ടയ്ക്കുള്ളിലെ ടൂറിസ്റ്റ് ബംഗ്ലാവും ചുറ്റുമുള്ള സ്ഥലവും പൊതുമരാമത്തുവകുപ്പിന്റെ കീഴില്‍തന്നെ തുടര്‍ന്നു.
പിന്നീട് ബംഗ്ലാവും ചുറ്റുമുള്ള 20 സെന്റ് ഭൂമിയും പൊതുമരാമത്തുവകുപ്പ് ടൂറിസംവകുപ്പിന് കൈമാറി. ടൂറിസംവകുപ്പ് ഇത് ലോക്കല്‍ കസ്റ്റോഡിയന്‍ എന്നനിലയില്‍ ബി.ആര്.ഡി.സി.ക്ക് (ബേക്കല്‍ റിസോട്ട്സ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന്) നല്കി.
പത്തുവര്‍ഷം മുന്‍പ് പത്തരലക്ഷത്തോളം മുടക്കി ബി.ആര്.ഡി.സി. ബംഗ്ലാവിന്റെ അറ്റകുറ്റപ്പണി നടത്തി. എ.എസ്.ഐ.യുടെ നിയന്ത്രണമുള്ളതിനാല്‍ ഭൂമിക്കടിയിലൂടെ കേബിളിട്ടാണ് വൈദ്യുതി എത്തിച്ചത്. അറ്റകുറ്റപ്പണി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേബിള്‍ മുറിഞ്ഞ് വൈദ്യുതിബന്ധം അറ്റുപോയി. ഇതോടെ ബംഗ്ലാവും രണ്ട് ശൗചാലയവും പൂട്ടുകയും ചെയ്തു.
ഇനി എന്തുചെയ്യാം
ബി.ആര്.ഡി.സി. ഈ 20 സെന്റ് സ്ഥലവും കെട്ടിടവും ടൂറിസംവകുപ്പിന് ഇതുവരെ തിരിച്ചുകൊടുത്തിട്ടില്ല. അവര്‍ നന്നാക്കുന്നുമില്ല. പൊതുമരാമത്തുവകുപ്പിന് തിരികെകിട്ടിയാല്‍ അവര്‍ക്കത് ഡി.ടി.പി.സി.ക്ക് (ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍) കൈമാറാനാകും. ഡി.ടി.പി.സി.ക്ക് ചെറിയ പദ്ധതികളില്‍ വകയിരുത്തി അറ്റകുറ്റപ്പണി നടത്താനാകും.
എ.എസ്.ഐ.യുടെ ചട്ടമനുസരിച്ച് ബേക്കല്‍ കോട്ടയുടെ നൂറുമീറ്റര്‍ ചുറ്റളവിലും അകത്തും പുതിയ നിര്‍മിതികള്‍ക്ക് മറ്റുള്ളവര്‍ക്ക് അനുമതിയില്ല. എന്നാല്‍ നിലവിലുള്ളവയുടെ അറ്റകുറ്റപ്പണിക്ക് തടസ്സമില്ല.
മുന്‍പ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് എ.എസ്.ഐ.യുടെ ഡി.ജി. അനുമതി നല്‍കിയിട്ടുണ്ട്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുതെന്ന നിബന്ധനയുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ ടൂറിസ്റ്റ് ബംഗ്ലാവിന്റെ പ്രതാപം വീണ്ടെടുക്കുന്നതിന് തടസ്സമില്ലെന്ന് വിനോദസഞ്ചാരമേഖലയില്‍ സജീവമായ സൈഫുദ്ധീന്‍ കളനാടിനെ പോലുള്ളവര്‍ പറയുന്നു.
അകത്തളങ്ങളില്‍ നടക്കുന്നത്
ഈ മൂന്നരയേക്കറും അതിലെ കെട്ടിടങ്ങളും വിട്ടുകിട്ടണമെന്ന് എ.എസ്.ഐ. സംസ്ഥാന ടൂറിസംവകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. വിട്ടുകിട്ടിയാല്‍ എഎസ്.ഐ. തന്നെ കെട്ടിടം നന്നാക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് ബേക്കല്‍ കോട്ടയുടെ ചുമതലയുള്ള സി.ഒ. ലോകേഷ് സൂചിപ്പിച്ചു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പുരാവസ്തുവകുപ്പിന് ഇവ നല്കാന് സംസ്ഥാനം ഒരുക്കമാണോ എന്ന് കണ്ടറിയണം. കാസര്‍കോട് പാക്കേജില്‍പ്പെടുത്തി ഒരുകോടി രൂപയുടെ പദ്ധതി ഡി.ടി.പി.സി. ഈ ബംഗ്ലാവ് നവീകരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.
മുലയൂട്ടല്‍കേന്ദ്രം, കോട്ടയിലെത്തുന്ന വയോജനങ്ങള്‍ക്ക് വിശ്രമിക്കാനുള്ള ഇടം, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കോട്ടയുടെ കവാടംമുതല്‍ ബംഗ്ലാവ്വരെ എത്തുന്നതിന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ചെറുകാറുകള്‍, വിവരങ്ങള്‍ നല്‍കാനുള്ള ഇടം തുടങ്ങിയവ ഈ ഒരുകോടിയുടെ പദ്ധതിയിലുണ്ടെന്ന് ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന് പറഞ്ഞു.
Content Highlights: tourist bungalow near bekkal fort remains unattractive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..