ഫോര്‍ട്ട്‌കൊച്ചി: 'ഒരു വര്‍ഷമായി ബോട്ടുകള്‍ കരയിലാണ്. ആര്‍ക്കും പണിയില്ല. വേറെ തൊഴിലൊന്നും അറിയില്ല. എത്രനാള്‍ ഇങ്ങനെ പോകും'  കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ട് തൊഴിലാളി ദിനകരന്റെ വാക്കുകള്‍. എറണാകുളത്ത് ടൂറിസ്റ്റ് ബോട്ടില്‍ സ്രാങ്കാണ് ദിനകരന്‍.

വര്‍ഷങ്ങളായി ബോട്ടില്‍ ജോലി ചെയ്യുന്നു. കോവിഡ് പിടിമുറുക്കിയതോടെ സഞ്ചാരികളുടെ വരവ് നിലച്ചു. അതോടെ തൊഴില്‍ നഷ്ടപ്പെട്ടു. ബോട്ടുകള്‍ കെട്ടിയിട്ടു. ഇടയ്ക്ക് കോവിഡിന്റെ പിടി അയഞ്ഞു. ബോട്ടുകള്‍ പതിയെ ചലിച്ചു തുടങ്ങി. അപ്പോഴാണു കോവിഡിന്റെ രണ്ടാം വരവ്. വീണ്ടും ബോട്ടുകള്‍ കരയിലേക്ക്. ഇനി ഇതൊക്കെ എന്ന് ശരിയാകുമെന്ന് ഒരു നിശ്ചയവുമില്ല.

ബോട്ടുകള്‍ നൂറിലേറെ

കൊച്ചിയില്‍ നൂറോളം ടൂറിസ്റ്റ് ബോട്ടുകളുണ്ട്. 15 മുതല്‍ 150 പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന ബോട്ടുകള്‍. കൂടാതെ പത്തോളം ചെറിയ സ്പീഡ് ബോട്ടുകളുമുണ്ട്. മഴക്കാലം ഒഴിച്ചാല്‍ എല്ലാ സമയത്തും കൊച്ചിയില്‍ കായല്‍ യാത്രയ്ക്ക് സഞ്ചാരികളെത്തും. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ബോട്ട് യാത്ര. ചില ബോട്ടുകള്‍ക്കു കടലിലേക്കു പോകാനും അനുവാദമുണ്ട്. മണിക്കൂര്‍ കണക്കാക്കിയാണ് ചാര്‍ജ്.

തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ബോട്ടുകളില്‍ 500ഓളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ വേറെയും. സഞ്ചാരികള്‍ ധാരാളമെത്തിയിരുന്നതിനാല്‍ ഇവര്‍ക്ക് ജോലിക്കു കുറവുണ്ടായിരുന്നില്ല. കുറഞ്ഞ വേതനമാണെങ്കിലും അതു മുടക്കമില്ലാതെ കിട്ടി.

എന്നാല്‍ കോവിഡ് കാലത്ത് ആര്‍ക്കും പണിയില്ലാതായി. ദിവസ വേതനക്കാരാണ് തൊഴിലാളികള്‍. മറ്റ് ആനുകൂല്യങ്ങളുമില്ല. സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടുന്നുമില്ല. സര്‍ക്കാരിന്റെ പരിഗണന അര്‍ഹിക്കുന്ന പട്ടികയിലൊന്നും ഈ തൊഴിലാളികളില്ല.

ബോട്ടുകള്‍ നാശത്തിലേക്ക്

ഒരു വര്‍ഷത്തോളമായി കായലില്‍ കെട്ടിയിട്ട നിലയിലാണ് പല ബോട്ടുകളും. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ചതാണ് ഏറെയും. വെറുതെ കിടന്ന് അവ തുരുമ്പെടുക്കുന്നു. തുടര്‍ച്ചയായി വെറുതെ കിടക്കുമ്പോള്‍, ബോട്ടിന്റെ അടിഭാഗത്ത് ദ്വാരം വീഴും.

വലിയ പണച്ചെലവുള്ളതിനാല്‍ ബോട്ടുകളില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് ഉടമകള്‍ പറയുന്നു. കടം വാങ്ങിയാണ് പലരും ബോട്ടുകള്‍ ഇറക്കിയത്. കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വലിയ കടക്കെണിയിലേക്കാണ് ഇവര്‍ പോകുന്നത്.

Content Highlights: Tourist boat in Kochi, Travel news, Covid 19