ല്പറ്റ: ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ പൂര്‍ണമായി കോവിഡ് വാക്‌സിനേഷന്‍ ചെയ്യിക്കാന്‍ തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നിര്‍ദേശമനുസരിച്ചാണ് സമ്പൂര്‍ണ വാക്‌സിനേഷന് ജില്ലാഭരണകൂടം തുടക്കം കുറിച്ചത്.

ആദ്യഘട്ടത്തില്‍ വൈത്തിരി ഗ്രാമപ്പഞ്ചായത്തിലും രണ്ടാംഘട്ടത്തില്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലും പൈലറ്റ് പദ്ധതിയായി പ്രത്യേക വാക്‌സിനേഷന്‍ കാമ്പയിന്‍ നടത്തും. വിനോദസഞ്ചാരികളുമായി ഇടപഴകേണ്ടി വരുന്ന എല്ലാ ജോലിക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കും.

വൈത്തിരി, മേപ്പാടി എന്നീ പഞ്ചായത്തുകളിലെ 18 വയസ്സിനു മുകളിലുള്ള വാക്‌സിനെടുക്കാത്ത ഹോട്ടല്‍- റിസോര്‍ട്ട്- ഹോം സ്റ്റേ- സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി മേഖലയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കുത്തിവെപ്പെടുക്കും. നിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ടെങ്കിലും അടുത്ത സീസണ്‍ മുന്‍കൂട്ടിക്കണ്ടാണ് നടപടികള്‍.

കളക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ഡി.വി. പ്രഭാത്, വി. മുഹമ്മദ് സലീം, കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Content highlights : tourist areas in wayanad district administration decided complete vaccination