തെന്മല: പരപ്പാറും ഒറ്റക്കല്‍ ലുക്കൗട്ട് വ്യൂ ടവറുമുള്‍പ്പെടെ തുറന്നതോടെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സാധാരണനിലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

പാലരുവിയില്‍ ഒരാഴ്ചമുന്‍പ് സഞ്ചാരികള്‍ക്ക് പ്രവേശനമനുവദിച്ചിരുന്നു. ഇതോടെ കഴിഞ്ഞദിവസം പരപ്പാര്‍ ഡാമിലും പലരുവിയിലും സഞ്ചാരികളുടെ കനത്ത തിരക്കായിരുന്നു. കുടുംബമായി എത്തിയവരായിരുന്നു കൂടുതലും.

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായ പാലരുവിയില്‍ രണ്ടുദിവസം സഞ്ചാരികള്‍ക്ക് താത്കാലികമായി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വെള്ളച്ചാട്ടത്തിനു താഴ്ഭാഗത്തുള്ള അപകടരഹിതമായ സ്ഥലത്താണ് കുളിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ശെന്തുരുണിയുടെ കുട്ടവഞ്ചി യാത്രയ്ക്കും കനത്ത തിരക്കുണ്ടായിരുന്നു.

എന്നാല്‍, നീണ്ട ഇടവേളയ്ക്കുശേഷം സഞ്ചാരികളെത്തിയതോടെ ആഹാരം പ്രതീക്ഷിച്ചെത്തിയ വാനരക്കൂട്ടങ്ങള്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വല്ലാതെ ബുദ്ധിമുട്ടിച്ചു.ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഡാമിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിരുന്നു.

നിലവില്‍ 115.82 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് 113.08 മീറ്ററാണ്. മൂന്നു ഷട്ടറുകളും 70 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഡാമിനോടുചേര്‍ന്നും ഇക്കോടൂറിസത്തിന്റെ ലെഷര്‍ സോണില്‍നിന്നും ഷട്ടര്‍വഴി വെള്ളമൊഴുകുന്നത് ആസ്വദിക്കാം. 

അണക്കെട്ടിന്റെ പരിസരത്തും ഡാം റോഡിലും ഫോട്ടോയെടുക്കാന്‍ സഞ്ചാരികള്‍ നിറഞ്ഞിരുന്നു. വെള്ളമൊഴുക്ക് വര്‍ധിച്ചതോടെ കല്ലടയാറും ഒറ്റക്കല്‍ ലുക്ക്ഔട്ട് തടയണയും നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സാധാരണനിലയിലായത് ചെറുകിട കച്ചവടക്കാര്‍ക്കും ആശ്വാസമായി.  കപ്പലണ്ടി, ഉപ്പിലിട്ടമാങ്ങ തുടങ്ങിയവയുമായി കച്ചവടക്കാര്‍ സജീവമായി. ഭക്ഷണശാലകളും തുറന്നിട്ടുണ്ട്. മഴ മാറിനിന്നതും ആശ്വാസമായി.

പ്രവേശന നിരക്ക്
പാലരുവി വെള്ളച്ചാട്ടത്തിലേക്ക് രാവിലെ 8 മുതല്‍ 4 വരെയാണ് പ്രവേശനം അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്.

അനുയോജ്യമായ സമയം

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ സന്ദര്‍ശിക്കാന്‍ മികച്ച സമയമാണ്. മഴ സമയത്തുള്ള പച്ചപ്പും മറ്റുമൊരുക്കുന്ന കാഴ്ച അതിമനോഹരമാണ്.

എങ്ങനെ എത്താം
പാലരുവി വെള്ളച്ചാട്ടം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും70 കിലോമീറ്റര്‍ അകലെയാണ്. എയര്‍പോര്‍ട്ടില്‍ നിന്നും ഇവിടേക്ക് ബസ് മാര്‍ഗവും എത്താം. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കൊല്ലമാണ്. ഇവിടെ നിന്നും 75 കിലോമീറ്റര്‍ ദൂരമുണ്ട് പാലരുവിയിലേക്ക്.

Content Highlights: tourism makes its way back in palaruvi