പെരളശ്ശേരി: പെരളശ്ശേരി പഞ്ചായത്തിലെ ചെറുമാവിലായിയില്‍ ടൂറിസം വികസനത്തിന് സാധ്യത തെളിയുന്നു. അഞ്ചരക്കണ്ടിപ്പുഴയോരത്തെ ചെറുമാവിലായിയിലെ പ്രകൃതി രമണീയമായ പ്രദേശത്തിന്റെ വിനോദസഞ്ചാരസാധ്യതകള്‍ പരിശോധിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

2017 മാര്‍ച്ച് മൂന്നിന് മാതൃഭൂമിയില്‍ ചെറുമാവിലായിയിലെ വികസനസാധ്യതകളെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത ഉള്‍പ്പെടുത്തി നാട്ടുകാര്‍ മന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് പ്രദേശത്തെ ടൂറിസം സാധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്. തലശ്ശേരിയില്‍നിന്നും കണ്ണൂരില്‍നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പ്രദേശമാണിത്.

പുഴയോരത്ത് സര്‍ക്കാര്‍ സ്ഥലമുണ്ട്. കനോയിങ്, കയാക്കിങ് തുടങ്ങിയ കായികവിനോദങ്ങളുടെ പരിശീലനത്തിനും അനുയോജ്യമാണിവിടം. കഴിഞ്ഞതവണ ഒളിമ്പിക്‌സിലെ ഈ ഇനങ്ങളുടെ പരിശീലനത്തിനായി ഈ സ്ഥലം പരിശോധിച്ചിരുന്നു. ഇവിടെ നാട്ടുകാര്‍ ദ്വീപ് എന്നു വിളിക്കുന്ന സ്ഥലമുണ്ട്.

ഇത് സ്വകാര്യവ്യക്തിയുടേതാണ്. ഈ സ്ഥലം ലഭിക്കുകയാണെങ്കില്‍ അതും ഉപയോഗിക്കാം. കുട്ടികളുടെ പാര്‍ക്ക്, ബോട്ട് സര്‍വീസ്, ഹൗസ് ബോട്ട്, റിസോര്‍ട്ടുകള്‍, നീന്തല്‍പരിശീലന കേന്ദ്രം തുടങ്ങിയവയും ആരംഭിക്കാം. പദ്ധതിയില്‍ പിണറായി പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ ടൂറിസം രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാവും.

Content Highlights: tourism chance in cherumavilayi