കുണ്ടറ : കോവിഡിന്റെ രണ്ടാംവരവില്‍ തകര്‍ന്നുപോയ മണ്‍റോത്തുരുത്തിലെ വിനോദസഞ്ചാരമേഖല വീണ്ടും തളിരിടലിന്റെ പാതയില്‍. സ്വദേശികളും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമായ വിനോദസഞ്ചാരികളാണ്  തുരുത്തിലെത്തുന്നവരിലധികവും.

ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും നല്ല തിരക്കനുഭവപ്പെടുന്നുണ്ട്. നാടന്‍വള്ളങ്ങള്‍ക്കും ശിക്കാരവള്ളങ്ങള്‍ക്കുമാണ് ആവശ്യക്കാരേറെയുള്ളത്. സ്വദേശികളായ സഞ്ചാരികള്‍ അഷ്ടമുടിക്കായല്‍ യാത്രയും കണ്ടല്‍ക്കാടുകളൊരുക്കുന്ന കമാനങ്ങളും ഏറെ ഇഷ്ടപ്പെടുമ്പോള്‍ ഇതരസംസ്ഥാനക്കാര്‍ കൂടുതലും മണ്‍റോത്തുരുത്തിനെ കീറിമുറിക്കുന്ന ചെറുതോടുകളില്‍ക്കൂടിയുള്ള യാത്രകളിഷ്ടപ്പെടുന്നു.

ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും സഞ്ചാരികളുടെ തിരക്ക് പ്രകടമല്ല. മണ്‍റോത്തുരുത്തിലെത്തുന്ന സ്വദേശികളായ സഞ്ചാരികള്‍ ഏതാനും മണിക്കൂറുകള്‍ ചെലവിട്ടു മടങ്ങുമ്പോള്‍ വടക്കേയിന്ത്യയില്‍നിന്നുള്ള സഞ്ചാരികള്‍ മാത്രമാണ് ഹോം സ്റ്റേ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുവരുന്നത്.

മണ്‍റോത്തുരുത്തിലേക്കുള്ള പാത തകര്‍ന്നുകിടക്കുന്നത് വിനോദസഞ്ചാരമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരിക്കല്‍ വന്നു തിരിച്ചുപോകുന്നവര്‍ ദുര്‍ഘടപാത താണ്ടി വീണ്ടുമെത്തുന്നതിനു മടിക്കുന്നു. സഞ്ചാരികളുടെ പ്രധാന പരാതിയും തകര്‍ന്നുകിടക്കുന്ന കുണ്ടറ-മണ്‍റോത്തുരുത്ത് പാതതന്നെയാണ്.

ചെറുതോടുകളുടെ അറ്റകുറ്റപ്പണികള്‍ കോവിഡ് ബാധയെത്തുടര്‍ന്ന് നിലച്ചുപോയത് ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇതും വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി.

നടപ്പാതകള്‍ പുതുക്കിപ്പണിതപ്പോള്‍ പഴയ, തകര്‍ന്നുപോയ നടപ്പാതകള്‍ പൊളിച്ചുമാറ്റാതിരുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതായി സഞ്ചാരികള്‍ പറയുന്നു.മറ്റു മേഖലകളില്‍ ജോലിചെയ്തിരുന്നവരാണ് വിനോദസഞ്ചാരമേഖലയിലേക്ക് തിരിഞ്ഞവരില്‍ ഭൂരിപക്ഷവും.

ഇവര്‍ക്ക് വിനോദസഞ്ചാരികളോട് ഇടപഴകുന്നതിനും പ്രകൃതിസംരക്ഷണത്തിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമൊന്നും പരിശീലനം നല്‍കിയിട്ടില്ല. 

ജില്ലയിലെ പ്രധാന വിനോദസഞ്ചാരമേഖലയായി വളര്‍ന്നുകഴിഞ്ഞ മണ്‍റോത്തുരുത്തില്‍ സഞ്ചാരികള്‍ക്കായി അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ല. അതിഥികള്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഇവിടെ പൊതുശൗചാലയങ്ങളില്ല. കര്‍ണാടകസ്വദേശികളായ ഇരുപതോളംപേരാണ് മണ്‍റോത്തുരുത്തില്‍ കൊട്ടവള്ളങ്ങളുമായി തമ്പടിച്ചുകഴിയുന്നത്.

Content Highlights: tourism again makes its mark in munroe island