നത്തിനുള്ളിലൂടെയുള്ള സഫാരി സഞ്ചാരികള്‍ക്ക് നല്‍കുക മറക്കാനാവാത്ത അനുഭവങ്ങളും കാഴ്ചകളുമാണ്. പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും പലതും കണ്‍മുന്നില്‍ കാണുന്നത്. അത്തരമൊരനുഭവമാണ് രാജസ്ഥാനിലെ രണ്‍ഥംഭോര്‍ നാഷണല്‍ പാര്‍ക്കില്‍ ഈയിടെ നടന്നത്.

നിര്‍ത്തിയിട്ടിരിക്കുന്ന സഫാരി വാഹനങ്ങള്‍ക്ക് സമീപം വാലാട്ടി നില്‍ക്കുകയായിരുന്നു ഒരു നായ. എവിടെ നിന്നോ അലഞ്ഞുതിരിഞ്ഞ് വന്നതാണ്. പൊടുന്നനെയാണ് നായയ്ക്ക് മേല്‍ മിന്നായം പോലെ സുല്‍ത്താന എന്നുവിളിപ്പേരുള്ള കടുവ ചാടി വീണത്. സഞ്ചാരികള്‍ക്ക് മുന്നിലിട്ട് തന്നെ കടുവ നായയെ പിടികൂടുകയും സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു.

പാര്‍ക്കിലെ സോണ്‍ ഒന്നില്‍ തിങ്കളാഴ്ച രാവിലെ നടന്ന സഫാരിക്കിടെയായിരുന്നു സംഭവമെന്ന് നാഷണല്‍ പാര്‍ക്കിന്റെ യൂട്യൂബ് ചാനല്‍ പറയുന്നു. നായയെ കടുവ പിടിച്ചെന്ന് സഞ്ചാരികള്‍ പറയുന്നത് വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. സംഭവത്തിന്റെ ദൃശ്യം വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് അനീഷ് അന്ധേരിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. വന്യജീവികള്‍ക്ക് ഭീഷണിയായി നായകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും സങ്കേതത്തിനകത്ത് അവയെ നിയന്ത്രിക്കണമെന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചു.

ടി -107 എന്നാണ് സുല്‍ത്താന അറിയപ്പെടുന്നത്. 2016-ലാണ് ഈ കടുവ ജനിച്ചതെന്നാണ് രണ്‍തംഭോറിലെ ഗൈഡുകള്‍ പറയുന്നത്.

Content Highlights: tigress sultana, tigress attacked dog, Ranthambore National Park, viral video