സുല്‍ത്താന്‍ബത്തേരി: വയനാടന്‍ കാടുകള്‍ കേരളത്തില്‍ കടുവകളുടെ ഏറ്റവും വലിയ സങ്കേതമാവുന്നു. പ്രഖ്യാപിത കടുവ സങ്കേതമല്ലെങ്കിലും കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും കടുവകളുടെ പ്രധാന ആവാസ കേന്ദ്രമാണിത്. കേരളത്തിലെ കടുവകളുടെ പകുതിയോളവും വയനാടന്‍ കാടുകളിലാണ്. സംസ്ഥാനത്ത് 190 കടുവകളുള്ളതില്‍ 84 എണ്ണവും വയനാട്ടിലാണ്. സംസ്ഥാനത്തെ കടുവ സങ്കേതങ്ങളായ പെരിയാറിനെയും പറമ്പിക്കുളത്തെയും പിന്നിലാക്കിയാണ് വയനാട് കടുവകളുടെ എണ്ണത്തില്‍ ഒന്നാമതുള്ളത്.

കേരള വനംവകുപ്പ് 2016-17-ല്‍ പറമ്പിക്കുളം, പെരിയാര്‍ കടുവസംരക്ഷണ കേന്ദ്രം ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 75 കടുവകളെ കണ്ടു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ അഞ്ചും സൗത്ത് വയനാട് ഡിവിഷനില്‍ നാലും കടുവകളെ കണ്ടെത്തി.

കേരളത്തിലെ കടുവസങ്കേതങ്ങളായ പെരിയാറിലും പറമ്പിക്കുളത്തും 25 കടുവകള്‍ വീതമാണുള്ളത്. വയനാട് വന്യജീവി സങ്കേതത്തില്‍ 100 ചതുരശ്ര കിലോ മീറ്ററില്‍ 13 കടുവകളാണുള്ളതെങ്കില്‍ പറമ്പിക്കുളത്ത് 1.8, പെരിയാറില്‍ 1.36 എന്നിങ്ങനെയാണ് 100 ചതുരശ്ര കിലോമീറ്ററിലുള്ളത്. ആവാസവ്യവസ്ഥയുടെ നശീകരണവും വേട്ടയാടലും മൂലം കടുവകളുടെ എണ്ണം അന്താരാഷ്ട്രതലത്തില്‍ കുറയുകയാണ്. എന്നാല്‍ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കടുവയുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കണ്ടെത്തല്‍.

കാലാവസ്ഥ, വയനാടിന്റെ ആകര്‍ഷണം

വരള്‍ച്ചാ കാലത്തും കാട്ടില്‍ കുടിവെള്ളവും മിതശീതോഷ്ണ കാലാവസ്ഥയും അനുഭവപ്പെടുന്ന വയനാടന്‍ കാടുകള്‍, കടുവകളുടെ ഇഷ്ടതാവളമാണ്. അനുയോജ്യമായ ആവാസവ്യവസ്ഥയും ഇരമൃഗങ്ങളുടെ വര്‍ധനയുമാണ് വയനാട് വന്യജീവി സങ്കേതത്തില്‍ കടുവകളുടെ എണ്ണം കൂടാന്‍ കാരണം.

കടുവകളുടെ എണ്ണത്തില്‍ മുന്നിലുള്ള വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമാക്കണമെന്ന് നേരത്തേ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് വനംവകുപ്പ് ഇതുമായി മുന്നോട്ടുപോവാത്തത്. മുമ്പ് വയനാട് വന്യജീവിസങ്കേതത്തെ കടുവാസങ്കേതമാക്കാനുള്ള ആലോചന തുടങ്ങിയപ്പോള്‍തന്നെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നാല്‍ മാത്രമേ കടുവാസങ്കേതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തുടങ്ങുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.

Content Highlights: Tigers in Wayanad, Tigers in Kerala, Wayanad Forest, Tiger Day 2020, Travel News