തെന്മല: ഇനി എട്ടുനാൾ അവർ കാട്ടിനുള്ളിൽ. ശെന്തുരുണി വന്യജീവിസങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പിനായി ജീവനക്കാർ ടെന്റും ആഹാരസാധനങ്ങളുമായി കഴിഞ്ഞ ദിവസം കാടുകയറി. ചൊവ്വാഴ്ച ആരംഭിക്കുന്ന സെൻസസ് എട്ടുനാൾ നീണ്ടുനിൽക്കും. അഗസ്ത്യാർകൂടത്തിന് കീഴിലും നെയ്യാർ, പേപ്പാറ ഭാഗങ്ങളിൽ കണക്കെടുപ്പ് നടക്കുന്നുണ്ട്. കടുവാ സെൻസസ് വളരെ പ്രയാസമേറിയതാണ്. ഉൾക്കാടുകളിൽ ജീവൻ പണയംവെച്ചുള്ള പരിശോധനയാണ് നടത്തേണ്ടത്. അതിനാൽതന്നെ വൈൽഡ് ലൈഫ് വാർഡൻ സജീവ്കുമാറിൻെറ നേതൃത്വത്തിൽ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

Tiger Census
കടുവകളുടെ കണക്കെടുക്കാൻ കാടുകയറുന്ന ജീവനക്കാർ

നാലുവർഷം കൂടിയുള്ള കടുവ സെൻസസിന് പ്രത്യേക പരിശീലനം നേടിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സംഘത്തിന് പെരിയാർ വന്യജീവി സങ്കേതത്തിൽവെച്ച് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. കൂടാതെ ശെന്തുരുണിയിൽ ട്രയൽ സെൻസസും നടത്തിയിരുന്നു. 10 ബ്ലോക്കുകളായി തിരിഞ്ഞുള്ള പരിശോധനയാണ് നടക്കുന്നത്. ഇതിനായി തിങ്കളാഴ്ചതന്നെ ജീവനക്കാർ കാടുകയറിത്തുടങ്ങി. ഒരു ബ്ലോക്കിൽ നാലുമുതൽ അഞ്ച് ജീവനക്കാരുണ്ടാകും. ഓരോ ദിവസവും ലഭിക്കുന്ന വിവരങ്ങൾ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും.

നേരിട്ടുള്ള പരിശോധനയ്ക്കുപുറമേ സാമ്പിളുകളും ശേഖരിക്കും. കണക്കെടുപ്പിൽ കടുവകളെ നേരിട്ടു കണ്ടില്ലെങ്കിലും കാഷ്ഠം, രോമം, കാൽപ്പാദങ്ങൾ തുടങ്ങിയവ മനസ്സിലാക്കിയും സാന്നിധ്യം തിരിച്ചറിയും. കണക്കെടുപ്പ് അടുത്ത ചൊവ്വാഴ്ച്ച വരെ നീണ്ടുനിൽക്കും. ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചുള്ള പരിശോധനയ്ക്ക് പുറമെ എല്ലാദിവസവും അഞ്ചുകിലോമീറ്റർ ചുറ്റളവിൽ സംഘം സഞ്ചരിക്കും. അവസാനദിവസങ്ങളിൽ യന്ത്രസഹായത്തോടെ നേർരേഖയിൽ രണ്ടുകിലോമീറ്ററിൽ 400മീറ്റർ ഇടവിട്ട് വിവരശേഖരണം നടത്തും. ശേഖരിക്കുന്ന സാമ്പിളുകൾ പെരിയാർ വന്യജീവിസങ്കേതത്തിന്റെ കീഴിൽ പരിശോധിക്കുകയും കടുവകളുടെ എണ്ണം കണക്കാക്കുകയും ചെയ്യും.

Tiger Umayaar
ഉമയാർ ഭാഗത്ത് മാസങ്ങൾക്കുമുൻപ് കണ്ടെത്തിയ കടുവ

മുൻപുനടന്ന പരിശോധനയിൽ ശെന്തുരുണിയിൽ അഞ്ച് മുതൽ ഒമ്പത് വരെ കടുവകളുടെ  സാന്നിധ്യമുണ്ടായിരുന്നു. ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ സജീവ്കുമാർ, അസി.വൈൽഡ് ലൈഫ് വാർഡൻ സി അജയൻ, ഡെപ്യൂട്ടി റേഞ്ചർ സന്തോഷ്‌കുമാർ, വൈൽഡ് ലൈഫ് അസിസ്റ്റൻറ് ഷിജു തുടങ്ങിയവരുടെ മേൽനോട്ടമുണ്ട്.

Content Highlights: tiger census, Shenthuruni wildlife sanctury, tigers in kerala