ടിബറ്റ്: നേപ്പാളില്‍ കോവിഡ് രോഗികള്‍ പെരുകുന്നതിന്റെ സാഹചര്യം കണക്കിലെടുത്ത് എവറസ്റ്റ് കൊടുമുടിയുടെ ടിബറ്റന്‍ മേഖല അടച്ചു. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാന്‍ കോവിഡ് കാലത്തും നിരവധി പര്‍വതാരോഹകര്‍ എത്തിയിരുന്നു.

നേപ്പാളിന്റെയും ടിബറ്റിന്റെയും മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എവറസ്റ്റിലേക്ക് ഈ രണ്ട് മേഖലകളില്‍ നിന്നുമായി സഞ്ചാരികള്‍ക്ക് പ്രവേശിക്കാം. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിവസേന നേപ്പാളില്‍ 9000 കേസുകളാണ് ഉടലെടുക്കുന്നത്. ഈയിടെ എവറസ്റ്റ് കീഴടക്കാന്‍ വന്ന പര്‍വതാരോഹകര്‍ക്ക് ബേസ് ക്യാമ്പില്‍ വെച്ചുനടത്തിയ പരിശോധനയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. 

ഈ വര്‍ഷം 408 പേര്‍ക്കാണ് നേപ്പാള്‍ എവറസ്റ്റില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കിയത്. ഇവരെല്ലാവരും ഏപ്രില്‍ മാസം മുതല്‍ ബേസ് ക്യാമ്പില്‍ തമ്പടിച്ചിരിക്കുകയാണ്. പുതിയ തീരുമാനം വന്നതോടെ ഈ 408 സഞ്ചാരികള്‍ക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവരും. 

എവറസ്റ്റ് കീഴടക്കാന്‍ പ്രധാനമായും രണ്ട് വഴികളാണുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും താരതമ്യേന എളുപ്പവുമായ വഴി നേപ്പാളില്‍ നിന്നും പോകുന്നതാണ്. രണ്ടാമത്തെ വഴി ഉത്തര ടിബറ്റില്‍ നിന്നും ആരംഭിക്കുന്നതാണ്. ഇത് വളരെ അപകടം പിടിച്ച വഴിയാണ്.

Content HIghlights: Tibetan side of Mount Everest shuts amid rising COVID-19 cases in Nepal