കവിയൂര്‍: ടൂറിസം സാധ്യതകളേറെയുണ്ടായിട്ടും കവിയൂര്‍ തൃക്കക്കുടിയിലെ ഗുഹാക്ഷേത്രവും പോളച്ചിറ ജലാശയവും അവഗണനയില്‍. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ചരിത്രപഠനത്തിന് ഉതകുന്നതുമായ ഗുഹാക്ഷേത്രമാണിവിടുള്ളത്. എ.ഡി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന തൃക്കക്കുടി അപൂര്‍വമായ ശില്പസൗന്ദര്യത്തിന്റെ പ്രതീകമാകുന്നു. 

ഭീമകാരമായ പാറ സമചതുരാകൃതിയില്‍ തുരന്നെടുത്ത് പത്തടിയോളം നീളത്തിലും അത്രതന്നെ വീതിയിലുമാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പല്ലവ ശില്‍പകലയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ ശിലാ പ്രതിമകളാണ് ഇതിനകത്തുള്ളത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ശിവലിംഗപ്രതിഷ്ഠ. പ്രവേശന കവാട ഭാഗത്ത് രണ്ടു ദ്വാരപാലകര്‍, വശങ്ങളില്‍ ഗണപതി തുടങ്ങിയവരുടെ രൂപങ്ങള്‍ പാറയിലാണ് തീര്‍ത്തിരിക്കുന്നത്. ഏകദേശം ഒരേക്കര്‍ വിസ്തൃതിയില്‍ 50 അടിയോളം ഉയരത്തില്‍ പരന്നുകിടക്കുന്ന പാറയുടെ പുറത്തുകയറി ഇരുന്ന് വിശ്രമിക്കാനും കഴിയും.

യാത്ര സാഹസികം 
കുത്തനെയുള്ള ഭാഗത്തുകൂടി കയറുക അപകടക്കെണിയാണ്. സാഹസികമായ യാത്രയ്ക്ക് ഉതകുന്ന തരത്തിലുള്ള സൗകര്യം ഒരുക്കിയാല്‍ മാത്രമേ ഇത് സാധ്യമാകൂ. അല്ലെങ്കില്‍ താഴെവീണ് അപകടംപിണയും. ചിലയിടങ്ങളില്‍ നനവുള്ളത് കാരണം വഴുക്കലുണ്ട്. തെന്നിപ്പോയാല്‍ ദുരന്തമാകും ഫലം. ഇതൊന്നും അറിയാതെ പലരും പാറയില്‍ കയറാന്‍ എത്തുമെങ്കിലും ഇതിന് ചുറ്റുമാകെ കാടായത് കാരണം ഇതിനുകഴിയാതെ ക്ഷേത്രം കണ്ടിട്ട് മടങ്ങുകയാണ് പതിവ്. 

വയനാട്ടിലെ എടയ്ക്കല്‍ ഗുഹയില്‍ കയറാന്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ തൃക്കക്കുടിയില്‍ സജ്ജമാക്കിയാല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും. കൈയേറിയ ഭാഗങ്ങള്‍ കണ്ടെത്തി സംരക്ഷിച്ചും കാടുപിടിച്ച സ്ഥലങ്ങള്‍ വെട്ടിത്തെളിച്ച് ടൂറിസത്തിന് വേണ്ടുന്ന അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് ആദ്യം വേണ്ടത്. പൂന്തോട്ടം ഉള്‍പ്പെടെയുള്ള സൗന്ദര്യവത്കരണ സംവിധാനങ്ങളാല്‍ മോടിപിടിപ്പിച്ച് ഇവിടം ആകര്‍ഷകമാക്കാനും കഴിയണം. തൃക്കക്കുടിയില്‍ സാധ്യമാകുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് ആവിഷകരിച്ച് പദ്ധതി തയ്യാറാക്കിയാലേയിത് സാധ്യമാകൂ.

ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെയും സ്മാരക ശില്‍പ്പങ്ങള്‍ പുരാവസ്തുവകുപ്പിന്റെയും സ്ഥലം റവന്യൂവിന്റെയും അധീനതയിലായത് കാരണം ഇവര്‍ കൂടിയാലോചിച്ചാലേ ഇക്കാര്യം നടപ്പാക്കാന്‍ കഴിയൂ. ഇതിന് പ്രദേശിക ഭരണകൂടം മുന്‍കൈയെടുക്കണമെന്നാണ് ആവശ്യം.

പോളച്ചിറ ജലാശയം

കവിയൂരിലെ ഒരിക്കലുംവറ്റാത്ത വിസ്തൃതമായ ജലാശയമാണ്. കവിയൂര്‍ മാഹദേവക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ണെത്താ ദൂരത്തില്‍ പരന്നുകിടക്കുന്ന ഇതില്‍ ബോട്ടിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതാകുന്നു. കേരളത്തിലെ രണ്ടാമത്തെ മത്സ്യ വിത്തുത്പാദനകേന്ദ്രം ഇവിടെയാണ്. ഇവയുടെ വിത്തുത്പാദനവും മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന മണ്‍കുളങ്ങളും വിത്തുമത്സ്യങ്ങളുമൊക്കെ പോളച്ചിറയുടെ സവിശേഷതയാകുന്നു.നെല്‍കൃഷിയുടെ തട്ടകമായ കവിയൂര്‍ പുഞ്ചയുടെ സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്ന ഭൂപ്രകൃതിയുള്ള പ്രദേശമാണ്‌ പോളച്ചിറ.

Content Highlights: thrikkakudi cave temple in negligence