വമ്പൻ പാറ സമചതുരാകൃതിയിൽ തുരന്നെടുത്ത് നിർമിച്ച ക്ഷേത്രം, ജലാശയം; വരുന്നൂ കിടിലൻ ടൂറിസം പദ്ധതി


കവിയൂർ മഹാദേവക്ഷേത്രം, ഗുഹാക്ഷേത്രം, വിസ്‌തൃതമായ പോളച്ചിറ ജലാശയം, മനയ്ക്കച്ചിറ പാർക്ക്, കോട്ടൂരിലെ രണ്ടരേക്കറോളംവരുന്ന പാറക്കുളം തുടങ്ങിയവയാണ് ഇതിന് സാധ്യമായ ഇടങ്ങൾ. ഇവയെ പരസ്പരം ബന്ധിപ്പിച്ച് ടൂറിസ്റ്റുകൾക്കുവേണ്ടിയുള്ള കാര്യങ്ങൾ സജ്ജീകരിക്കും.

ചരിത്രസ്‌മാരകമായ തൃക്കക്കുടി ഗുഹാക്ഷേത്രം | ഫോട്ടോ: മാതൃഭൂമി

കവിയൂർ: ചരിത്രപ്രസിദ്ധമായ തൃക്കക്കുടി ഗുഹാക്ഷേത്രം കേന്ദ്രമാക്കി ടൂറിസംപദ്ധതികൾ ആവിഷ്‌കരിക്കാൻ പഞ്ചായത്ത് ഒരുങ്ങുന്നു. ഇതിനായി അടുത്ത സമ്പത്തികവർഷത്തിൽ അരക്കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അറിയിച്ചു. കവിയൂർ പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമേഷൻ കൗൺസിലും ചേർന്നാകും ഇത് നടത്തുക. കവിയൂർ മഹാദേവക്ഷേത്രം, ഗുഹാക്ഷേത്രം, വിസ്‌തൃതമായ പോളച്ചിറ ജലാശയം, മനയ്ക്കച്ചിറ പാർക്ക്, കോട്ടൂരിലെ രണ്ടരേക്കറോളംവരുന്ന പാറക്കുളം തുടങ്ങിയവയാണ് ഇതിന് സാധ്യമായ ഇടങ്ങൾ. ഇവയെ പരസ്പരം ബന്ധിപ്പിച്ച് ടൂറിസ്റ്റുകൾക്കുവേണ്ടിയുള്ള കാര്യങ്ങൾ സജ്ജീകരിക്കും. ഇവയുടെ സവിശേഷതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ചരിത്രപഠനത്തിന് ഉതകുന്നതുമായ ഗുഹാക്ഷേത്രം കാലങ്ങളായി അവഗണന നേരിടുന്നു.

ശില്പഭംഗി അപൂർവം

എ.ഡി.ഏട്ടാംനൂറ്റാണ്ടിൽ നിർമിച്ചതെന്ന്‌ കരുതപ്പെടുന്ന തൃക്കക്കുടി അപൂർവമായ ശില്പസൗന്ദര്യത്തിന്റെ പ്രതീകമാകുന്നു. ഭീമകാരമായ പാറ സമചതുരാകൃതിയിൽ തുരന്നെടുത്ത് പത്തടിയോളം നീളത്തിലും അത്രതന്നെ വീതിയിലുമാണ് ക്ഷേത്രത്തിന്റെ നിർമാണം. പല്ലവ ശില്പകലയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞ ശിലാ പ്രതിമകളാണ്‌ ഇതിനകത്തുള്ളത്. ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ ശിവലിംഗ പ്രതിഷ്ഠ. പ്രവേശനകവാടംഭാഗത്ത് രണ്ടു ദ്വാരപാലകർ, വശങ്ങളിൽ ഗണപതി തുടങ്ങിയവരുടെ രൂപങ്ങൾ പാറയിലാണ് തീർത്തിരിക്കുന്നത്. ഏകദേശം ഒരേക്കർ വിസ്‌തൃതിയിൽ 50 അടിയോളം ഉയരത്തിൽ പരന്നുകിടക്കുന്ന പാറയുടെ പുറത്തുകയറിയിരുന്ന് വിശ്രമിക്കാനും കഴിയും.

സാഹസികയാത്രയ്ക്ക് കളമൊരുക്കാം

കുത്തനെയുള്ള ഭാഗത്തുകൂടി കയറുക അപകടക്കെണിയാണ്. സാഹസികമായ യാത്രയ്ക്ക് ഉതകുന്ന തരത്തിലുള്ള സൗകര്യം ഒരുക്കി ഇതൊഴിവാക്കും. ചിലയിടങ്ങളിൽ നനവുള്ളത് കാരണം വഴുക്കലുണ്ട്. തെന്നിപ്പോയാൽ ദുരന്തമാകും ഫലം. ഇതൊന്നും അറിയാതെ പലരും പാറയിൽ കയറാനെത്തുന്നുണ്ട്. ഇതിന് ചുറ്റുമാകെ കാടായത് കാരണം പലരും ക്ഷേത്രംകണ്ടിട്ട് മടങ്ങുകയാണ് പതിവ്. ഇതിനാൽ ചരിത്രപരമായ പ്രധാന്യം തിരിച്ചറിയുന്നില്ല. വയനാട്ടിലെ എടയ്ക്കൽ ഗുഹയിൽ കയറാൻ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയാൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും. ഗുഹാക്ഷേത്രത്തിന്റെ കൈയേറിയ ഭാഗങ്ങൾ കണ്ടെത്തി കാടുപിടിച്ച സ്ഥലങ്ങൾ വെട്ടിത്തെളിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക. പൂന്തോട്ടം ഉൾപ്പെടെയുള്ള സൗന്ദര്യവത്‌കരണ സംവിധാനങ്ങളാൽ മോടിപിടിപ്പിച്ച് ആകർഷകമാക്കും. തൃക്കക്കുടിയിൽ സാധ്യമാകുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് ആവിഷ്കരിച്ച് നടപ്പാക്കാനുള്ള ശ്രമമാണ്. ക്ഷേത്രം ദേവസ്വം ബോർഡിന്റെയും സ്മാരക ശില്പങ്ങൾ പുരാവസ്തു വകുപ്പിന്റെയും സ്ഥലം റവന്യൂവിന്റെയും അധീനതയിലാണ്. ഇതിനാൽ ഇവരോട് കൂടിയാലോചിച്ചാകും തുടർനടപടികൾ കൈക്കൊള്ളുക.

പോളച്ചിറ ജലാശയം

കവിയൂരിലെ ഒരിക്കലുംവറ്റാത്ത വിസ്‌തൃതമായ ജലാശയമാണ്. കവിയൂർ മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്ത് കണ്ണെത്താ ദൂരത്തിലാണിത് പരന്നുകിടക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ മത്സ്യ വിത്തുത്പാദനകേന്ദ്രം ഇവിടെയാണ്. ഇവയുടെ വിത്തുത്‌പാദനവും മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന മൺകുളങ്ങളും വിത്തുമത്സ്യങ്ങളുമൊക്കെ പോളച്ചിറയുടെ സവിശേഷതയാകുന്നു. നെൽകൃഷിയുടെ തട്ടകമായ കവിയൂർ പുഞ്ചയുടെ സൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്ന ഭൂപ്രകൃതിയുള്ള പ്രദേശമാകുന്നു പോളച്ചിറ. ഇവിടത്തെ വഴിയോര വിശ്രമകേന്ദ്രത്തിൽ ഇതിന് സാധ്യമാകുന്ന ക്രമീകരണങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്.

പോളച്ചിറയിലെ വിസ്‌തൃതമായ ജലാശയം | ഫോട്ടോ: മാതൃഭൂമി

പാറക്കുളത്തിൽ ബോട്ടിങ്

കോട്ടൂരിൽ നാലാംവാർഡിലെ ജലസമൃദ്ധമായ പാറക്കുളത്തിൽ ബോട്ടിങ് അടക്കമുള്ള സൗകര്യങ്ങളാകും ഒരുക്കുക. പാറയുടെ പുറത്ത് നീരിക്ഷണ ഗോപുരവും സമീപത്ത് സന്ദർശകർക്കായി പവിലിയനും തീർക്കും. പാർക്കുമായി ബന്ധപ്പെട്ട് നടപ്പാക്കാവുന്ന കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിപുലമായൊരു ടൂറിസം പദ്ധതി സർക്കാർ സഹായത്തോടെയാകും പഞ്ചായത്ത് നടപ്പാക്കുക. ഇതിനുവേണ്ടുന്ന തുടർനടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടറോട് അഭ്യർഥിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Content Highlights: thrikkakkudi cave temple tourism project, dtpc kollam, polachira river

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented