നവിമുംബൈ: കൊറോണ ഭീതിയിൽ നഗരം നിശ്ചലമായതറിഞ്ഞില്ല ഈ അതിഥികൾ. കാണാനെത്തുന്നവരും കുറഞ്ഞു. എങ്കിലും ഇവർക്ക് വരാതിരിക്കാനാവില്ല. നവിമുംബൈയിൽ സമീപത്തെ കടലിടുക്കുകളിലും ചതുപ്പുപ്രദേശങ്ങളിലുമായി ഇത്തവണ ആയിരക്കണക്കിന് രാജഹംസങ്ങളാണ് എത്തിയിരിക്കുന്നത്.

ലോക്ക്ഡൗൺ ആയതിനാൽ ആളുകൾ പുറത്തിറങ്ങാത്തതും മീൻപിടിക്കാൻ ബോട്ടുകൾ കടലിലിറങ്ങാത്തതും അതിഥികളുടെ സഞ്ചാരം സുഗമമാക്കി.

എല്ലാവർഷവും ഈ കാലയളവിൽ രാജഹംസങ്ങൾ ഇവിടെ എത്താറുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് പക്ഷികളുടെ വരവിൽ 25 ശതമാനത്തിന്റെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പ്രകൃതി ശാന്തമായ അവസ്ഥയിലായതിനാലാണ് അതിഥിപ്പക്ഷികളുടെ വരവ് കൂടിയതെന്നാണ് നിരീക്ഷകരുടെ നിഗമനം.

ഇന്ത്യയിൽ ഗുജറാത്തിലെ കച്ചാണ് രാജഹംസങ്ങളുടെ പ്രധാന പ്രജനനകേന്ദ്രം. കച്ചിൽനിന്നാണ് ഇവ നവിമുംബൈയിലെത്തുന്നത്. ഇറാനിൽനിന്നാണ് രാജഹംസങ്ങൾ പ്രജനനത്തിനായി ഇന്ത്യയിലേക്ക് വരുന്നത്.

Content Highlights: Thousands of Royal Swans in Navi Mumbai, Travel News