നെടുങ്കണ്ടം : അതിമനോഹരമാണ് തൂവല്‍ വെള്ളച്ചാട്ടം. സൂക്ഷിച്ചില്ലെങ്കില്‍ അപകടകാരിയും. അതിനാലാണ് ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അതുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, തിങ്കളാഴ്ച രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.
തൂവല്‍ അരുവിയില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിക്കാന്‍ കാരണം അനധികൃതരുടെ അവഗണനയും അനാസ്ഥയും മൂലമെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. അപകടസാധ്യത കൂടിയ പ്രദേശത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കില്‍ യുവാക്കള്‍ അപകടത്തില്‍പ്പെട്ട സാഹചര്യം ഒഴിവാക്കാനാകുമായിരുന്നെന്നും രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതോടെ വിനോദസഞ്ചാര കേന്ദ്രമായ തൂവലിലേക്ക് നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ജില്ലയില്‍ മുകളില്‍നിന്നും താഴെ നിന്നും ആസ്വദിക്കാന്‍ കഴിയുന്ന ഏക വെള്ളച്ചാട്ടമാണ് തൂവലരുവി.

വേണം സുരക്ഷ
സഞ്ചാരികള്‍ക്ക് സുരക്ഷിതമായി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആളില്ലാത്തതിനാല്‍ സഞ്ചാരികള്‍ അപകടക്കുഴികളില്‍ കുളിക്കാനിറങ്ങുകയും വെള്ളച്ചാട്ടത്തിന് കീഴിലെ കൂറ്റന്‍ പാറകളില്‍ സെല്‍ഫിയെടുക്കാനടക്കം അലക്ഷ്യമായി കയറിയിറങ്ങുകയും ചെയ്യുന്നത് അപകടഭീഷണി ഉയര്‍ത്തിയിരുന്നു.
പ്രദേശവാസികളെക്കാള്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് എത്തുന്നവരാണ് സഞ്ചാരികളില്‍ അധികവും. അതിനാല്‍ സൂരക്ഷാ ബോര്‍ഡുകളും നിര്‍ദേശങ്ങള്‍ നല്‍കാന്‍ സുരക്ഷാ ജീവനക്കാരും ഇല്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
നിലവില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചിട്ടുള്ള ഇരുമ്പുവേലിയും വെള്ളച്ചാട്ടത്തിന് മുകളില്‍ നിര്‍മിച്ചിരിക്കുന്ന പാലവുമാണ് ആകെയുള്ള സുരക്ഷ. ആറ് വിദ്യാര്‍ഥികളാണ് സമീപകാലത്ത് തൂവല്‍ അരുവിയില്‍ മുങ്ങിമരിച്ചത്.
ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഉടന്‍തന്നെ ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ തൂവലില്‍ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Content Highlights: Thooval Waterfalls, Security Issues in Thooval, Idukki Tourism, Kerala Tourism, Travel News