പാരീസ്: സഞ്ചാരികള്‍ ഏറെയെത്തുന്ന പാരീസില്‍ കാണാനേറെ കാഴ്ചകളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മ്യൂസി കാര്‍ണാവാലെറ്റ് മ്യൂസിയം. 1888-ല്‍ പണിത ഈ മ്യൂസിയം എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു.

എന്നാല്‍ നീണ്ട അഞ്ചുവര്‍ഷത്തെ അടച്ചിടലിനൊടുവില്‍ മ്യൂസിയം മേയ് 29 മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് മ്യൂസിയം അടച്ചിട്ടത്. 

പാരീസിന്റെ ചരിത്രം മുഴുവനായി ചിത്രീകരിക്കുന്ന മ്യൂസിയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏകദേശം 55 മില്യണ്‍ യൂറോ (ഏകദേശം 480 കോടി രൂപ)യുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. രണ്ട് കെട്ടിടങ്ങളിലായാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. 

മിസോലിത്തിക്ക് കാലഘട്ടം മുതല്‍ നവോത്ഥാന കാലഘട്ടം വരെയുള്ള പല ശേഖരങ്ങളും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. എഴുത്തുകാരനായ മാഴ്‌സല്‍ പ്രൗസ്റ്റിന്റെ ചില സൃഷ്ടികള്‍ മ്യൂസിയത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. അതിപ്പോഴും സൂക്ഷിച്ചിട്ടുമുണ്ട്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം സഞ്ചാരികള്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍. നിലവില്‍ പാരീസിലേക്ക് ലോകസഞ്ചാരികള്‍ പതിയെ എത്തിത്തുടങ്ങിയിട്ടുണ്ട്.

Content Highlights: This Paris museum is reopening after five years of remaining closed