ദക്ഷിണ കേരളത്തില്‍ പെരുമണ്‍ ഭദ്രകാളീക്ഷേത്രത്തില്‍ മാത്രമാണ് തേരുകെട്ടി ഉത്സവം നടത്തുന്നത്. ഇരുപത്തിയൊന്നേകാല്‍ കോല്‍ ഉയരമാണ് തേരിന്. നാല് മര ഉരുളുകളില്‍ ഉറപ്പിച്ചിട്ടുള്ള ചട്ടത്തിലാണ് തേരിന്റെ കതിരുകാല് ഉയര്‍ത്തുന്നത്. തേരുകെട്ട് പൂര്‍ത്തിയാക്കി തൊപ്പിക്കുട ഉറപ്പിച്ച് തേരില്‍ തൂപ്പുകട്ടി തേങ്ങ ഉടച്ചുകഴിഞ്ഞാല്‍ ഭഗവതി തേരിനുള്ളില്‍ എഴുന്നള്ളുമെന്നാണ് സങ്കല്പം. തേര് അനക്കല്‍ ചടങ്ങാണ് ഏറെപ്രധാനം. ഇത് കണ്ടുതൊഴുതാല്‍ പാപപരിഹാരം ലഭിക്കുമെന്ന് വിശ്വസിക്കുന്നു..
തേരൊരുക്കം ഇങ്ങനെ
വേണാട്ട് രാജാവിന്റെ കാലഘട്ടത്തിലാണ് പെരുമണ്‍ ക്ഷേത്രത്തില്‍ തേരുകെട്ട് മഹോത്സവം ആരംഭിച്ചത് എന്നാണ് സങ്കല്‍പ്പം. നാല് മര ഉരുളുകളില്‍ ഉറപ്പിച്ചിട്ടുള്ള ചട്ടത്തിലാണ് തേരിന്റെ കതിരുകാല് ഉയര്‍ത്തുന്നത്. വളരെ പ്രധാനപ്പെട്ട ചടങ്ങാണിത്. ഒരു കണക്കന്റെ നേതൃത്വത്തില്‍ നാട്ടിലെ പരിശീലനം സിദ്ധിച്ച ആളുകളാണ് തേര് കെട്ടുന്നത്. ഇരുപത്തി ഒന്നേകാല്‍ കോല്‍ നീളമാണ് തേരിനുള്ളത്. പൂജ നടത്തി തേങ്ങ മുറിച്ചു നാട്ടുകാരുടെ കുരവയും, ആര്‍പ്പുവിളിയുമായി കതിരുകാല്‍ ഉയര്‍ത്തുന്നു. കതിരുകാല്‍ ഉയര്‍ത്തി കഴിഞ്ഞാല്‍ പിന്നെ രണ്ടു ദിവസം തേരിന്റെ പണികള്‍ ആയിരിക്കും.
മൂന്നാം നാള്‍ കരയിലെ പ്രമാണിമാരും. ആശാരിമാരും തണ്ടാന്മാരും കൊല്ലപ്പണിക്കാരും തട്ടാന്മാരും വെളുത്തേടത്ത് പണിക്കന്മാരും ചേര്‍ന്ന് തേരിന്റെ വളചട്ടത്തിന്റെ പണി നടത്തുന്നു. തേരിന്റെ മുന്‍ഭാഗം അലങ്കരിക്കുന്നത് ഈ വളചട്ടമാണ്. വള ചട്ടത്തില്‍ വെള്ളമുണ്ടു പാകി നെറ്റിപ്പട്ടവും ആലവട്ടവും വെണ്‍ചാമരവും മറ്റും കൊണ്ടു അലങ്കരിച്ച് വളചട്ടം മുന്‍ഭാഗത്ത് ഉറപ്പിക്കുന്നു. ആശാരിമാരാണു തൊപ്പിക്കുടയുടെ പണി നടത്തുന്നത്. തൊപ്പിക്കുട ഉറപ്പിച്ച് തേരില്‍ തൂപ്പുകെട്ടി തേങ്ങ മുറിച്ച് കഴിഞ്ഞാല്‍ ഭഗവതി തേരിനുള്ളില്‍ എഴുന്നള്ളുമെന്നാണ് സങ്കല്‍പ്പം. തേര് അനക്കുന്ന ചടങ്ങ് ഒരു പ്രധാനപ്പെട്ട കര്‍മ്മമാണ്. തേര് അനക്കുന്ന മുഹൂര്‍ത്തത്തില്‍ ദേവിയ്ക്ക് കാണിക്കയിട്ട് തൊഴുമ്പോള്‍ ദേവി ഭക്തരെ തൃക്കണ്‍ പാര്‍ക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. പോയ വര്‍ഷത്തെ പാപത്തിനുപരിഹാരമായി എന്നാണു സങ്കല്‍പ്പം.
തേര് എഴുന്നള്ളത്തും കെട്ടുകാഴ്ച്ചയും കഴിഞ്ഞതിനുശേഷം കിഴക്കെ അമ്പലമായ ദുര്‍ഗദേവിയുടെ അമ്പലത്തിന് പ്രദക്ഷിണം വച്ച ശേഷം തേര് കിഴക്കു വശത്ത് അരയിരുത്തുന്നു. വെളുപ്പിന് നാലുമണിക്കു പടിഞ്ഞാറെ അമ്പലത്തിലേയ്ക്കു എഴുന്നള്ളത്തു നടത്തുന്ന തേര് ക്ഷേത്രത്തിനു മുന്നില്‍ അരയിരുത്തിയശേഷം ശ്രീഭൂതബലിയും, കുട്ടികളുടെ തലയില്‍ വിളക്കെടുപ്പും നടത്തി ഉത്സവം സമാപിക്കുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാന വഴിപാട് ആണ് പിള്ളൈ വയ്പ്പ്. ആണ്‍കുട്ടികളുടെ തലയില്‍ വിളക്കെടുപ്പും പാളയും കയറും നേര്‍ച്ചയുമാണ് മറ്റ് പ്രധാന വഴിപാടുകള്‍. ഏതാണ്ട് നാല്‍പ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം ക്ഷേത്രങ്ങള്‍ നില്‍ക്കുന്ന സ്ഥലം ഒഴിച്ച് ഇന്ന് മൈതാനം പോലെ കിടക്കുന്ന സ്ഥലത്തെല്ലാം നിബിഡമായ സര്‍പ്പക്കാവുകളായിരുന്നു. കിഴക്കേ ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറെ ക്ഷേത്രത്തിലേക്ക് പോകാന്‍ ഒരു വഴി മാത്രമാണുണ്ടായിരുന്നത്. അക്കാലത്ത് തേരുകെട്ടും ഉത്സവങ്ങളും നടത്തിയിരുന്നത് യക്ഷിയമ്മന്‍ കോവിലിനു തെക്കു വശം ഉണ്ടായിരുന്ന ആറാട്ടു കുളത്തിനു സമീപവും തൊട്ടുകിടന്ന കോയിക്കവയലിലുമായിരുന്നു. തേരുകെട്ടും ആഘോഷങ്ങളും എല്ലാം കഴിഞ്ഞു വെളുപ്പിനു നാലുമണിക്ക് ശേഷമാണു ക്ഷേത്രത്തിലേക്ക് തേര് എഴുന്നള്ളിക്കുന്നത്.
ആറാട്ടുകുളത്തിനും കോയിക്കവയലിനും നടുവിലൂടെ റെയില്‍വേ ലൈന്‍ വന്നതു കൊണ്ടും ആറാട്ടുകുളം പൊളിച്ചു ഭാഗികമായി നികത്തിയതിനാലും അവിടെ വെച്ചു ഉത്സവം നടത്താന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ ക്ഷേത്രപരിസരത്തുണ്ടായിരുന്ന സര്‍പ്പക്കാവുകള്‍ വെട്ടി തെളിച്ചാണ് ഇന്നുള്ള സ്ഥലസൗകര്യങ്ങളുണ്ടാക്കിയത്. അന്ന് മുതല്‍ തേരുകെട്ടും കലാപരിപാടികളും എല്ലാം ക്ഷേത്ര പറമ്പില്‍ വച്ച് തന്നെ നടത്തിവരികയാണ്. മേല്‍പ്പറഞ്ഞ ആറാട്ടുകുളം പൊളിച്ച കല്ലുകള്‍ കൊണ്ടാണ് കിഴക്കേ ക്ഷേത്രത്തിന്റെ ചുറ്റുമതിലും ആല്‍ത്തറകളും നിര്‍മിച്ചിട്ടുള്ളത്.
പൊളിഞ്ഞ് കിടന്ന ആറാട്ടുകുളം ക്ഷേത്ര ഭരണസമിതി നിലവില്‍ വന്നപ്പോള്‍ കരിങ്കല്ലു കെട്ടി കമനീയമായി പണി കഴിപ്പിച്ചു. എന്നാല്‍ റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കുന്ന ഘട്ടം വന്നപ്പോള്‍ ഈ ആറാട്ടുകുളം പൂര്‍ണ്ണമായും നികത്തി. അതിനു മുകളിലൂടെ രണ്ടാമത്തെ റെയില്‍വേ ലൈന്‍ നിലവില്‍ വരികയും ചെയ്ത സാഹചര്യത്തില്‍ ഇരുന്നൂറോളം മീറ്റര്‍ കിഴക്ക് മാറി പുതിയ ആറാട്ടുകുളം നല്ല രീതിയില്‍ നിര്‍മിച്ച് റെയില്‍വേക്ഷേത്രത്തിനു കൈ മാറിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..