തെന്മല : കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും കിഴക്കൻമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സജീവം. സാധാരണ വേനൽക്കാലമൊഴികെ തെന്മല, ആര്യങ്കാവ് ഭാഗത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെത്തുന്നുണ്ട്.

കിഴക്കൻമേഖലയിലെത്തുന്ന സഞ്ചാരികളിലധികവും ഇഷ്ടപ്പെടുന്നത് ശെന്തുരുണിയുടെ കുട്ടവഞ്ചിയും കളംകുന്ന് സഫാരിയുമാണ്. പള്ളംവെട്ടി എർത്ത് ഡാമിനോടുചേർന്ന ഭാഗത്താണ് രണ്ടുവർഷംമുൻപ് കുട്ടവഞ്ചിയാത്രയ്ക്കുള്ള സൗകര്യമൊരുക്കിയത്. നിലവിൽ പ്രതിമാസം ശരാശരി ഒന്നരലക്ഷത്തോളം വരുമാനം ലഭിക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നുള്ള സഞ്ചാരികളാണ് പ്രധാനമായും ശെന്തുരുണിയിലെത്തുന്നത്. പരപ്പാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തോടൊപ്പം മലനിരകളും കുട്ടവഞ്ചി സഫാരിക്കെത്തുന്നവരെ ആകർഷിക്കുന്നു. ഒരാൾക്ക് 100 രൂപയാണ് ഈടാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾപാലിച്ച്‌ അരമണിക്കൂറാണ് സഫാരി.

ശെന്തുരുണിയുടെതന്നെ മറ്റൊരു ആകർഷണമായ കളംകുന്ന് സഫാരിക്കും സഞ്ചാരികളെത്തുന്നുണ്ട്. തെന്മല ഡാം റോഡിൽനിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് വനപ്രദേശത്തുകൂടി ജീപ്പിൽ യാത്രചെയ്താണ് കളംകുന്നിലെത്തേണ്ടത്.

പരപ്പാർ ഡാമിനോടുചേർന്ന ആഴംകുറഞ്ഞ ഭാഗത്തെ ദൂരക്കാഴ്ചയും പശ്ചിമഘട്ടമലനിരകളും ആസ്വദിക്കാൻ സാധിക്കും. ഒരാൾക്ക് 50 രൂപയാണ് ഈടാക്കുന്നത്. സഞ്ചാരികൾക്ക് വെള്ളത്തിലിറങ്ങാനുള്ള അനുമതിയില്ല.

നിലവിൽ വരൾച്ചയുടെ തുടക്കമായതിനാൽ അണക്കെട്ടിൽ വെള്ളംകുറഞ്ഞുതുടങ്ങി. ഇടിമുഴങ്ങാൻ ഉമയാർ സഫാരിക്കിടെ പലപ്പോഴും വന്യമൃഗങ്ങളെയും കാണുന്നുണ്ട്. വെള്ളംകുറഞ്ഞഭാഗത്ത് പുല്ലുമേയാനെത്തുന്ന കാട്ടാനയും കാട്ടുപോത്തുമാണ് പ്രധാന ആകർഷണം.

Parappar Elephants
പരപ്പാറിന്റെ തീരത്തെത്തിയ കാട്ടാനകൾ | ഫോട്ടോ: മാതൃഭൂമി

മനംകുളിർപ്പിച്ച് റോസ്‌മല

റോസ്മല വ്യൂ പോയിന്റിൽനിന്നുള്ള പരപ്പാറിന്റെ ഭംഗിയാണ് പ്രധാന ആകർഷണം. വെള്ളംകുറഞ്ഞുതുടങ്ങിയതോടെ തുരുത്തുകൾ നന്നായി കാണാൻ കഴിയുന്നുണ്ട്. വ്യൂ പോയിന്റിലെത്താനായി ഒരാൾക്ക് 40 രൂപയാണ് ഈടാക്കുന്നത്. മാസം ശരാശരി രണ്ടുലക്ഷത്തോളം വരുമാനമുണ്ട്. ആര്യങ്കാവിൽനിന്ന് റോസ്മലയിലേക്കുള്ള റോഡ് നവീകരിച്ചതും സഞ്ചാരികൾക്ക് തുണയായി. കോവിഡിനെ തുടർന്ന് മാസങ്ങളോളം അടച്ചിട്ടിരുന്ന ഇക്കോ ടൂറിസത്തിൽ നിലവിൽ ശരാശരി അഞ്ചുലക്ഷത്തിനുമുകളിൽ വരുമാനമുണ്ട്. ചില മാസങ്ങളിൽ പത്തിനുമുകളിലും ലഭിച്ചിരുന്നു. നിലവിൽ 4,80,355 തുടങ്ങിയ പാക്കേജ് ടിക്കറ്റുകളാണ് നൽകുന്നത്. ഓരോ സോണിലേക്ക് സഞ്ചാരികൾക്ക് പ്രത്യേകം ടിക്കറ്റ് അനുവദിക്കാത്തത് സാധാരണ സഞ്ചാരികൾക്ക് തിരിച്ചടിയാകുന്നുണ്ട്.

കുളിക്കാൻ അനുമതി ഇല്ലാത്തത് തിരിച്ചടി

കിഴക്കൻമേഖലയിലെ പ്രധാന ജലപാതയായ പാലരുവിയിലും സഞ്ചാരികളുടെ തിരക്കുണ്ട്. വേനലിനെത്തുടർന്ന് വെള്ളത്തിന്റെ അളവിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ സഞ്ചാരികൾക്ക് കുളിക്കാൻ അനുമതിയില്ലാത്തത് നിരാശപ്പെടുത്തുന്നു. ജലപാതത്തിൽ കുളിക്കാനായി ആരോഗ്യവിഭാഗത്തിന്റെ ഉൾ​െപ്പടെയുള്ള അനുമതിലഭിക്കേണ്ടതുണ്ട്. എന്നാൽ വേനൽക്കാലത്ത് വന്യമൃഗങ്ങൾക്കുള്ള ജലലഭ്യത മുൻനിർത്തി പ്രവേശനം ഈ മാസം പകുതിയോടെ നിർത്തിെവച്ചേക്കും. എന്നാൽ അച്ചൻകോവിൽ കുംഭാവുരുട്ടി ജലപാതം അപകടാവസ്ഥ ഒഴിവാക്കി തുറന്നുനൽകാത്തതും സഞ്ചാരികൾക്ക് തിരിച്ചടിയായിട്ടുണ്ട്. അതിനാൽ വനംവകുപ്പിനും വനംസംരക്ഷണ സമിതിക്കും ഏറെ വരുമാനനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്.

Content Highlights: Thenmala Tourism, Rosemala Viewpoint, Parappar Dam, Palaruvi, Kalamkunnu Safari