തെന്മല: മഴയിൽ അല്പം കുറവുവന്നതോടെ ഏഷ്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരി പാർക്കായ തെന്മല ഇക്കോ ടൂറിസത്തിലെ ശലഭപാർക്ക് ഉണർന്നുതുടങ്ങി. ബ്ലൂ ടൈഗർ, റെഡ് പിറോട്ട്, കോമൺ ക്രോ ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങളാണ് നിലവിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

Butterfly 1
നിലവിലെ കാലാവസ്ഥയിൽ കൂടുതലായി കണ്ടുവരുന്ന ബ്ലൂടൈഗർ ചിത്രശലഭം

ഇലമുളച്ചി ചെടിയെ ആശ്രയിച്ചുള്ള ചിത്രശലഭമാണ് റെഡ് പിറോട്ട്. സഫാരി പാർക്കിൽ ഇതിനെ ആകർഷിക്കാനായി ഒരുഭാഗത്തായി ഇലമുളച്ചി മാത്രം നട്ടുവളർത്തുന്നുണ്ട്. ബ്ലൂ ടൈഗർ കോമൺ ക്രോ ഉൾപ്പടെയുള്ള ചിത്രശലഭങ്ങൾക്ക് ഏറെ ഇഷ്ടമുള്ള കിലുക്കിചെടിയും അല്പാമും നട്ടുവളർത്തുന്നുണ്ട്. കനത്തമഴയുള്ള സമയങ്ങളിൽ ശലഭങ്ങൾ കുറയാറാണ് പതിവ്.

മൂന്നര ഹെക്ടറോളം വനപ്രദേശത്തിന് തുല്യമായ സ്ഥലത്ത് സഞ്ചാരികൾക്ക് നടന്നാസ്വദിക്കാൻ പാകത്തിലാണ് സഫാരി പാർക്ക് ഒരുക്കിയിരിക്കുന്നത്. സ്വാഭാവിക വനത്തിലൂടെ ചുറ്റിനടക്കുന്ന പ്രതീതിയാണ്. അതിനാൽത്തന്നെ ചിത്രശലഭങ്ങളെ ആകർഷിക്കാനുള്ള സാധാരണ ചെടികൾക്കു പുറമേ കാട്ടുചെടികളുമുണ്ട്. ശലഭപാർക്കിന് ഒരുഭാഗത്ത് കൂടി പശ്ചിമഘട്ടമലനിരകൾ കടന്നു പോകുന്നതും സഞ്ചാരികളെ ആകർഷിക്കുന്നു.

Butterfly 2
തെന്മല ഇക്കോടൂറിസത്തിൻെറ ശലഭപാർക്കിലെത്തിയ സഞ്ചാരികൾ

സഫാരി പാർക്കായതിനാൽ അരക്കിലോമീറ്ററോളം ചുറ്റിനടന്നുവേണം ക്ഷമയോടെ ചിത്രശലഭങ്ങളെ നിരീക്ഷിക്കുവാൻ. ശലഭങ്ങളെ കൂടാതെ വിവിധയിനം പക്ഷികളെയും കാണാൻ സാധിക്കും. പലപ്പോഴായുള്ള കണക്കെടുപ്പിൽ നൂറിൽപ്പരം ഇനങ്ങളിലുള്ള ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ചിത്രശലഭങ്ങൾ ഇല്ലാത്ത സമയമാണെങ്കിൽ പോലും ഇത്തരം കാനന കാഴ്ചകൾ ആസ്വദിക്കാൻ നിരവധിപേർ എത്തുന്നുണ്ട്. ഇവിടേക്ക് മാത്രമായി ഒരാൾക്ക് 70 രൂപയാണ് ടിക്കറ്റ് നിരക്ക്. 2008 ഫെബ്രുവരിയിലാണ് തെന്മല ഇക്കോ ടൂറിസത്തിൻെറ ഭാഗമായി ചിത്രശലഭ സഫാരി പാർക്കും ആരംഭിച്ചത്.

Content Highlights: Thenmala Eco Tourism, Butterfly Safari Park, Thenmala, Kerala Tourism